കൊച്ചി: സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പ്രശംസിച്ച ദിവ്യ എസ് അയ്യര്ക്കെതിരെ വിമര്ശനം ശക്തമാകുന്നതിനിടെ പിന്തുണയറിയിച്ച് മുതിര്ന്ന സിപിഐഎം നേതാവ് എ കെ ബാലന്. ദിവ്യ എസ് അയ്യര് ബ്യൂറോക്രസിയിലെ ഉണ്ണിയാര്ച്ചയാണെന്നും തകര്ക്കാന് കഴിയില്ലെന്നും എ കെ ബാലന് പറഞ്ഞു.
'ശബരിയുടെ ഭാര്യ എന്ന പരിഗണന ദിവ്യയോട് കാട്ടിയില്ല. കാര്ത്തിയേകന്റെ മരുമകള് എന്ന പരിഗണനയും കാട്ടിയില്ല. ഒരു കാലത്ത് കാര്ത്തികേയനും മുരളിക്കും കിട്ടിയ അതേ അനുഭവം തന്നെയായിരിക്കും ശബരിക്കും കിട്ടാന് പോകുന്നത്. എന്തായാലും ദിവ്യ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. വടക്കന് പാട്ടിലെ ഉണ്ണിയാര്ച്ചയെ ഓര്ത്തു. ബ്യൂറോക്രസിയിലെ ഉണ്ണിയാര്ച്ചയാണ് ദിവ്യ എസ് അയ്യര്. അവരെ തകര്ക്കാന് കഴിയില്ല', എ കെ ബാലന് പറഞ്ഞു.
ഔപചാരിക തലത്തില് ഒന്നായി പ്രവര്ത്തിച്ചവര് ആ രംഗത്ത് നിന്നും മാറുമ്പോള് അഭിപ്രായങ്ങള് സ്വാഭാവികമാണ്. പാര്ലമെന്റില് ഗുലാം നബി ആസാദിന്റെ കാലാവധി കഴിഞ്ഞപ്പോള് പ്രധാനമന്ത്രി കരഞ്ഞില്ലേ. നിലവില് ഉയരുന്ന വിമര്ശനങ്ങള് പ്രതിഷേധാര്ഹമാണ്. പൊതുസമൂഹം ശക്തമായി പ്രതികരിക്കണം എന്നും ദിവ്യയെ പിന്തുണച്ചുകൊണ്ട് എ കെ ബാലന് പറഞ്ഞു.
അതിനിടെ ദിവ്യ എസ് അയ്യര്ക്കെതിരെ യൂത്ത് കോണ്ഗ്രസ് പരാതി നല്കി. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്ക്കുമാണ് പരാതി നല്കിയത്. യൂത്ത് കോണ്ഗ്രസ് കണ്ണൂര് ജില്ലാ പ്രസിഡന്റ് വിജില് മോഹനനാണ് പരാതി നല്കിയത്. കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുളള ദിവ്യയുടെ പോസ്റ്റിന് പിന്നാലെയാണ് നടപടി.
Content Highlights: cpim a k balan praise divya s iyer ias