ഡല്ഹി: വയനാട് പുനരധിവാസത്തിനായി സര്ക്കാര് ഏറ്റെടുത്ത ഭൂമിക്ക് കനത്ത തുക ആവശ്യപ്പെട്ട് എല്സ്റ്റണ് എസ്റ്റേറ്റ് സുപ്രീംകോടതിയില്. 1063 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എല്സ്റ്റണ് എസ്റ്റേറ്റിന്റെ ആവശ്യം. നേരത്തെ ഇവര് ഹൈക്കോടതിയിൽ നൽകിയ ഹര്ജിയില് ആവശ്യപ്പെട്ടത് 531 കോടി രൂപയും പലിശയുമായിരുന്നു.
എന്നാൽ 531 കോടി രൂപയും അത്രയും തുക നഷ്ടപരിഹാരവും ആയി 1063 കോടി രൂപയും അതിന്റെ പലിശയും വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഭൂമിയുടെ ന്യായവില കണക്കാക്കുന്നതിനായി സര്ക്കാര് തട്ടിപ്പുകാട്ടിയെന്നും ആകെ മൂല്യത്തിന്റെ 4 ശതമാനം മാത്രമാണ് സര്ക്കാര് നല്കുന്നതെന്നും എല്സ്റ്റണ് എസ്റ്റേറ്റ് സുപ്രീംകോടതിയില് പറഞ്ഞു. രേഖകള് തിരുത്തി, സര്ക്കാര് ഭൂമിവില കുറച്ചുകാട്ടിയെന്നും എല്സ്റ്റണ് എസ്റ്റേറ്റ് ആരോപിക്കുന്നു.
മുണ്ടക്കൈ- ചൂരല്മല അതിജീവിതരുടെ പുനരധിവാസത്തിന് ടൗണ്ഷിപ്പ് നിര്മ്മിക്കാന് എല്സ്റ്റണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. എസ്റ്റേറ്റ് ഏറ്റെടുക്കാന് അനുവദിച്ചുകൊണ്ടുളള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും 2013-ലെ ഭൂമി ഏറ്റെടുക്കല് നിയമപ്രകാരം നഷ്ടപരിഹാരം മുഴുവന് നല്കുന്നതുവരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാണ് ഹര്ജിയിലെ ആവശ്യം. എല്സ്റ്റണ് എസ്റ്റേറ്റിന്റെ 78.73 ഹെക്ടര് ഭൂമിയാണ് ടൗണ്ഷിപ്പ് നിര്മ്മാണത്തിനായി സംസ്ഥാന സര്ക്കാര് ഏറ്റെടുക്കാന് നടപടി ആരംഭിച്ചത്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല് നടപടി ആരംഭിച്ചത്. എന്നാല്, ഏറ്റെടുക്കുന്ന ഭൂമിക്ക് സര്ക്കാര് നിശ്ചയിച്ച വില വളരെ കുറവാണ് എന്നാണ് എല്സ്റ്റണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെയും തേയില ചെടികളുടെയുമെല്ലാം തുക ചേര്ത്ത് ആകെ 26.56 കോടിരൂപ നല്കാനാണ് സര്ക്കാര് തീരുമാനം.
Content Highlights: Elston Estate demands Rs 1063 crore for land acquired by the government for rehabilitation