തൃശൂർ: തൃശൂർ കഴിമ്പ്രം ബീച്ചിൽ ഇന്നലെ രാത്രി നടന്ന രാമു കാര്യാട്ട് അവാർഡ് നൈറ്റിലും പങ്കെടുക്കാതെ ഷൈൻ ടോം ചാക്കോ. അവാർഡ് നിശയിൽ ഷൈൻ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഫ്രെയിം ഫില്ലർ പുരസ്കാരത്തിനായി ഷൈനെ തിരഞ്ഞെടുത്തിരുന്നു. ഷൈൻ വരുമെന്നുള്ള പ്രതീക്ഷയിൽ ഇന്നലെ രാത്രി ഏറെ വൈകിയും കാത്തിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. നേരത്തെ കഴിമ്പ്രം ബീച്ചിൽ നടക്കുന്ന അവാഡ് നൈറ്റിൻ്റെ വിവരം ഷൈൻ ടോം ചാക്കോയെ ഇൻസ്റ്റയിൽ സംഘാടകർ കൊളാബ് ചെയ്തിരുന്നു. അതേസമയം ഈസ്റ്ററായത് കൊണ്ട് വീട്ടിലേക്ക് എത്തുമെന്ന് പറഞ്ഞാണ് ഷൈൻ പോയതെന്നും എന്നാൽ ഇപ്പോൾ ഫോണിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നുമാണ് ഷൈനിന്റെ കുടുംബവും പറയുന്നത്.
കഴിഞ്ഞ പത്ത് വർഷമായി ഷൈനിനെ വേട്ടയാടുകയാണെന്നും അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും ഞങ്ങൾക്കിതൊക്കെ ശീലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഷൈനിന്റെ സഹോദരനും ഇന്നലെ വീട്ടിൽ എത്തിയിട്ടില്ല. സിനിമ മേഖലയിൽ തന്നെയാണ് സഹോദരനും പ്രവർത്തിക്കുന്നത്.
ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ ഉണ്ടെന്ന തരത്തിലും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനാണ് നീക്കം. ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Content Highlights:Shine did not attend the Ram Kariyat Award Night either