തിരുവനന്തപുരം: ഐഎഎസില് സീനിയര് ഉദ്യോഗസ്ഥര്ക്കിടയില് ലോബി പ്രവര്ത്തിക്കുന്നുണ്ടെന്ന് എന് പ്രശാന്ത് ഐഎഎസ്. എല്ലാ കുഴപ്പക്കാരുടെയും നെറ്റ്വര്ക്ക് ഇവിടെയുണ്ട്. എല്ലാവര്ക്കും പല പല അജണ്ടകള് ഉണ്ട്. തന്റെ ജോലി ചെയ്തുപോകുമ്പോള് ശരിയായ കാര്യങ്ങള് ചെയ്തുപോകാനുള്ള സ്വാതന്ത്ര്യമെങ്കിലും വിട്ടുനല്കണം. അതാണ് നിയമം നിഷ്കര്ഷിക്കുന്നതെന്നും എന് പ്രശാന്ത് പറഞ്ഞു. റിപ്പോര്ട്ടര് ടിവിയുടെ 'കോഫി വിത്ത് അരുണ്' എന്ന പരിപാടിയില് സംസാരിക്കുകയായിരുന്നു എന് പ്രശാന്ത്.
ചീഫ് സെക്രട്ടറി സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നില്ലെന്നും എന് പ്രശാന്ത് പറഞ്ഞു. ജയതിലക് ഈ നിലയില് പെരുമാറാന് തുടങ്ങിയപ്പോള് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്പ്പെടുത്തി. ജയതിലക് വ്യക്തി വിദ്വേഷം തീര്ക്കുകയാണ്. കെ രാധാകൃഷ്ണന് മന്ത്രിയായിരുന്ന സമയത്ത് ജയതിലക് ഇതൊക്കെ ചെയ്യാന് ധൈര്യപ്പെട്ടിരുന്നില്ല. സെറ്റില് ചെയ്യാന് പറ്റുന്ന കാര്യങ്ങളല്ല നടന്നത്. ആറ്റിറ്റ്യൂഡ് ഇഷ്യൂസ് ഉണ്ട്. ജയതിലകിന് കീഴില് അസിസ്റ്റന്റ് കളക്ടറായിരുന്ന കാലത്ത് പ്രശ്നമുണ്ടാക്കുന്നവരുടെ പേരുകള് നോട്ട്ബുക്കില് കുറിക്കണമെന്ന് പറഞ്ഞു. പിന്നീട് അവര്ക്കിട്ട് പണി കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ഈ ചിന്ത വളരെ ടോക്സിക് അല്ലേയെന്നും എന് പ്രശാന്ത് ചോദിച്ചു. ജയതിലകിനും ഗോപാലകൃഷ്ണനും ടെക്നോളജി വശമില്ലാത്തതുകൊണ്ടാണ് താന് രക്ഷപ്പെട്ടുനില്ക്കുന്നതെന്നും എന് പ്രശാന്ത് പറഞ്ഞു. സിസ്റ്റം ഇങ്ങനെ പോയാല് ഇന്സ്റ്റിറ്റ്യൂഷൻ നശിച്ച് പോകും. സീനിയര് ഐഎഎസ് ഓഫീസേഴ്സ് ഊതിവീര്പ്പിച്ച ബലൂണ് പോലെയാണ്. തെറ്റ് ചെയ്തവര് വെള്ളം കുടിക്കും. തടയാന് ആര്ക്കും കഴിയില്ലെന്നും എന് പ്രശാന്ത് പറഞ്ഞു.
കേരളത്തില് ഐഎഎസില് ഏറ്റവും അധികം അച്ചടക്ക നടപടി നേരിടുന്നത് ഒരുപക്ഷേ താനും ബി അശോകുമായിരിക്കുമെന്നും എന് പ്രശാന്ത് പറഞ്ഞു. തങ്ങള്ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികള്ക്ക് പിന്നില് ജോലിയിലെ പ്രശ്നങ്ങളായിരുന്നില്ല. അഭിപ്രായ പ്രകടം നടത്തിയതിനാണ് അച്ചടക്ക നടപടിയുണ്ടായത്. തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇതുവരെ മോശം അഭിപ്രായവും ഉയര്ന്നിട്ടില്ല. മിണ്ടാന് പാടില്ല, അഭിപ്രായം പറയാന് പാടില്ല, ഫയലില് അഭിപ്രായം എഴുതാന് പാടില്ല എന്നൊക്കെ പറയുന്നത് കടുപ്പമാണ്. മറിച്ചൊരു അഭിപ്രായം എഴുതിയാല് അയാളെ വേട്ടയാടാനുള്ള ശ്രമം നടക്കുമെന്നും എന് പ്രശാന്ത് പറഞ്ഞു. നമ്മളിവിടെ ഫണ്ട് ചിലവാക്കുമ്പോള് അതിന്റെ റിസള്ട്ട് ഉണ്ടാകണം. എന്നാല് ഉത്തരവാദിത്തപ്പെട്ട പോസ്റ്റിലിരിക്കുമ്പോള് ചില തീരുമാനങ്ങള് എടുക്കുന്നത് ഇഷ്ടപ്പെടില്ല. കുറേ കാലമായി വെട്ടിപ്പും തട്ടിപ്പുമായി നടക്കുന്നവര്ക്ക് ഈ അഭിപ്രായം ഭീഷണിയാണെന്നറിയാം. സിസ്റ്റം കറക്ട് ചെയ്യാന് പോലും പാടില്ലാത്ത അവസ്ഥയാണെന്നും എന് പ്രശാന്ത് പറഞ്ഞു.
എല്ലാ മേഖലകളിലും പുഴുക്കുത്തുകളുണ്ട്. ഇവിടെ പ്രശ്നം പൊളിറ്റിക്സ് ആണെന്ന് തോന്നുന്നില്ല. താന് പറയുന്നത് ശരിയാണെന്നും ന്യായമാണെന്നും ഈ വിഷയം പഠിച്ചിട്ടുള്ളവര്ക്ക് അറിയാം. ഓരോരുത്തരും ഇരിക്കുന്ന പദവിയനുസരിച്ചുള്ള ധര്മം ആത്മാര്ത്ഥമായി ചെയ്യുക. അതിന് ധൈര്യം വേണം. ഫെയര് ആയിരിക്കണം. ഒരാളെ ഇഷ്ടമല്ലെന്ന് വിചാരിച്ച് അയാളുടെ ഫയലില് അത് കാണിക്കാമോ? അങ്ങനെയാണോ ഭരണസംവിധാനം. ആറ് മാസത്തില് ക്ലോസ് ചെയ്യേണ്ട അച്ചടക്ക നടപടി മൂന്ന് വര്ഷമായി വെച്ചു കൊണ്ടിരിക്കുന്നു. നടപടിക്രമം ക്ലോസ് ചെയ്യുന്നത് വരെ പ്രൊമോഷന് കിട്ടില്ല. ഇതാണ് ഗെയിം. തന്റെ ജൂനിയറായവര്ക്ക് വരെ പ്രൊമോഷന് കൊടുത്തു. താന് ക്ലാസ് എടുത്തവര് വരെ അതിലുണ്ട്. ചെയ്യുന്നതില് ശരി വേണം. ഉളുപ്പ് വേണം. ഹിപ്പോക്രസിയില് ഓടാന് പറ്റില്ലെന്നും എന് പ്രശാന്ത് പറഞ്ഞു.
Content Highlights- There is loby woring inside ias officers says N Prashant to reporter TV