കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണം പരീക്ഷ നടത്തിപ്പിലെ പിഴവെന്ന് ആരോപണം. പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ മുൻപ് കോളേജുകളിലേക്ക് ചോദ്യപേപ്പർ ഇ-മെയിൽ വഴി അയക്കുന്നതാണ് രീതി. ശേഷം കൊളേജിൽ നിന്ന് ചോദ്യപേപ്പർ പ്രിന്റ് എടുത്താണ് പരീക്ഷ നടത്തുന്നത്. ഇത്തരത്തിൽ ചോദ്യപേപ്പർ പ്രിന്റ് എടുത്ത് നൽകിയപ്പോഴായിരിക്കാം ചോർന്നതെന്നാണ് കണ്ടെത്തൽ.
പരീക്ഷാ സമയത്ത് പരീക്ഷാ സ്ക്വാഡ് ഹാളിലെത്തി പരിശോധന നടത്തുന്ന സമയത്ത് വിദ്യാർത്ഥി കോപ്പി അടിക്കുന്നത് കണ്ടെത്തുകയായിരുന്നു. പിന്നാലെ കോപ്പിയടിച്ച വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോൾ പ്രിൻസിപ്പൽ ആണ് ചോദ്യം പറഞ്ഞ് നൽകിയതെന്നായിരുന്നു മറുപടി. പ്രിൻസിപ്പൽ രാവിലെ ചോദ്യം വാട്സ്അപ്പ് വഴി നൽകിയെന്നും വിദ്യാർത്ഥി കൂട്ടിചേർത്തു. എന്നാൽ താൻ തന്നെയാണ് ആ വിഷയം വിദ്യാത്ഥികളെ പഠിപ്പിക്കുന്നതെന്നും അത്കൊണ്ട് വരാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് വിദ്യാത്ഥികൾക്ക് പറഞ്ഞ് കൊടുത്തതെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം. ആ ചോദ്യങ്ങൾ പറഞ്ഞ് നൽകിയ ശേഷമാണ് ഇമെയിലിന്റെ പാസ്വേര്ഡ് തനിക്ക് ലഭിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
എന്നാൽ പ്രിൻസിപ്പലിന്റെ വാദം യൂണിവേഴ്സിറ്റി വിശ്വാസത്തിലെടുത്തില്ല. കഴിഞ്ഞ മാസം 18-ാം തീയതിയാണ് പരീക്ഷ തുടങ്ങുന്നത്. അങ്ങനെയെങ്കിൽ മറ്റ് പരീക്ഷകളുടേയും ചോദ്യപ്പേപ്പർ ചോർന്നോ എന്നും അന്വേഷണമുണ്ടാകും. അതേസമയം സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ എക്സ്റ്റേർണൽ എക്സാമിനമേഷൻ ഇല്ല എന്നുള്ള വീഴ്ചയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാസർകോട് ബേക്കലിലെ ഗ്രീൻവുഡ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. നിലവിൽ ഈ സംഭവത്തിൽ കണ്ണൂർ സർവ്വകലാശാല ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
Content Highlights:Kannur University question paper leak alleges fault in examination