കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗം നേരത്തെ ശ്രദ്ധയിൽപ്പെട്ടതാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ റിപ്പോർട്ടറിനോട്. സിനിമാ സെറ്റിലെ ലഹരി ഉപയോഗം പുറത്തുപറയാൻ ആരും ധൈര്യം കാണിച്ചിരുന്നില്ല എന്നും വിൻ സിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമായി കാണുന്നുവെന്നും മന്ത്രി സജി ചെറിയാൻ റിപ്പോർട്ടറിനോട് പറഞ്ഞു.
വിൻ സിയുടെ പരാതിയിൽ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകും. പരാതിയുമായി ബന്ധപ്പെട്ട് താൻ എക്സൈസ് മന്ത്രിയുമായി ചർച്ച നടത്തിയെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമാമേഖലയിൽ ലഹരി പൂർണ്ണമായും ഒഴിവാക്കാൻ നയം കൊണ്ടുവരും. വനിതാ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സിനിമയുടെ നിർമ്മാതാക്കൾക്കെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കും. സിനിമ സെറ്റിൽ ഭയമില്ലാതെ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കും.
സിനിമ സാങ്കേതിക രംഗത്തേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരും. അതിന് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും സാംസ്കാരികമന്ത്രി വ്യക്തമാക്കി. സിനിമാരംഗത്തെ പുരുഷമേധാവിത്വം അവസാനിപ്പിക്കും. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം ഉറപ്പുവരുത്തും. സർക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും വനിതകൾക്ക് എതിരായ ആക്രമണങ്ങളിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. ഷൂട്ടിംഗ് കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ എക്സൈസും പൊലീസും ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്.
സിനിമ സാംസ്കാരിക വകുപ്പും ചില പരിശോധനകൾ നടത്തുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. അതേ സമയം ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില് നിന്നും ഇറങ്ങി ഓടിയ സംഭവത്തില് നടന് ഷൈന് ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില് ഹാജരായി. പൊലീസ് പറഞ്ഞതിലും അരമണിക്കൂര് നേരത്തെയാണ് ഷൈന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്കിയത്. യാത്രയില് ആയതിനാല് വൈകിട്ട് 3.30 ന് ഷൈന് ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു.
content highlights : Minister Saji Cherian to reporter: Strong action will be taken against Vinci's revelations