കൊച്ചി: നടന് ഷൈന് ടോം ചാക്കോ ഇന്ന് ഹാജരാവുകയാണെങ്കില് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള 32 ചോദ്യങ്ങള് തയ്യാറാക്കി പൊലീസ്. ഷൈന് താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില് നിന്നും വിവരങ്ങള് ശേഖരിക്കുക.
ഹോട്ടലുകളില് ഷൈനിനെ ആരൊക്കെ സന്ദര്ശിച്ചു, ഡാന്സാഫ് പരിശോധനയ്ക്കിടെ ഹോട്ടല് മുറിയില് നിന്നും സാഹസികമായി ഇറങ്ങി ഓടിയത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള് അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്. ഷൈന് ഹാജരാവുകയാണെങ്കില് ഫോണ് കസ്റ്റഡിയില് വാങ്ങിയും പരിശോധിക്കും.
ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്കിയതെങ്കിലും യാത്രയില് ആയതിനാല് വൈകിട്ട് മൂന്ന് മണിക്ക് ഹാജരാകാമെന്നാണ് ഷൈന് അറിയിച്ചിട്ടുള്ളത്. തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന് പൊലീസ് ഷൈന് ടോം ചാക്കോയ്ക്ക് നോട്ടീസ് നല്കിയത്. കൊച്ചിയിലെ ഹോട്ടലില് നിന്നും ഡാന്സാഫ് എത്തിയപ്പോള് ഓടിരക്ഷപ്പെട്ട സംഭവത്തിലാണ് ഷൈന് ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുക.
അന്വേഷണവുമായി പൂര്ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈന് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു. ദയവ് ചെയ്ത് ദ്രോഹിക്കരുതെന്ന് ഷൈന് ടോം ചാക്കോയുടെ മാതാവും മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlights: Police Prepared 32 questions for Shine Tom Chacko