കൊച്ചി: ലഹരിക്കേസില് നടന് ഷൈന് ടോം ചാക്കോയ്ക്ക് സ്റ്റേഷന് ജാമ്യം ലഭിച്ചു. ഷൈന് സ്റ്റേഷനില് നിന്ന് പുറത്തിറങ്ങി. രണ്ടുപേരുടെ ആള്ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. നടന്റെ മാതാപിതാക്കളാണ് ജാമ്യം നിന്നത്. എറണാകുളം നോര്ത്ത് പൊലീസ് സ്റ്റേഷനില് നിന്ന് ഷൈന് മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന് നടന് തയ്യാറായില്ല.
ലഹരിക്കേസില് ഒന്നാംപ്രതിയാണ് ഷൈന് ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്ഷിദാണ് രണ്ടാംപ്രതി. മയക്കുമരുന്ന് ഉപയോഗിക്കാന് ഗൂഢാലോചന നടത്തിയെന്നും ഷൈന് ഹോട്ടലില് റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്നും എഫ് ഐ ആറില് പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന് ചോദ്യംചെയ്യലില് സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില് നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന് പൊലീസിന് നല്കിയ മൊഴി.
ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാപ്രവര്ത്തകരാണ് ലഹരി എത്തിച്ചുനല്കുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസിലെ പ്രതി തസ്ലീമയെ അറിയാം. പലതവണ ഫോണില് ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈന് ടോം ചാക്കോ മൊഴി നല്കി. ലഹരി ഇടപാടുകളില് തനിക്ക് പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഡാന്സാഫ് സംഘത്തെ കണ്ട് ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലില് നിന്ന് ഇറങ്ങിയോടിയതെന്നും ചോദ്യംചെയ്യലിനിടെ ഷൈന് പൊലീസിനോട് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷൈന് ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം, ഗൂഢാലോചന ഉള്പ്പെടെയുളള വകുപ്പുകള് ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലില് ഡാന്സാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന് സജീറിനെ അറിയില്ലെന്ന് ഷൈന് മൊഴി നല്കി. നടി വിന് സി അലോഷ്യസിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഷൈന് പൊലീസിനോട് പറഞ്ഞു. അതേസമയം, ഷൈനിന്റെ മൊഴികളില് വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്. ലഹരി ഇടപാടുകള് ഉണ്ടോ എന്നറിയാനായി പൊലീസ് ഷൈനിന്റെ വാട്ട്സാപ്പ് ചാറ്റുകളും കോളുകളും ഗൂഗിള് പേയുമുള്പ്പെടെ പരിശോധിക്കുന്നുണ്ട്.
Content Highlights: shine tom chacko gets bail on drug case