കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില് നിന്നും ഇറങ്ങി ഓടിയ സംഭവത്തില് നടന് ഷൈന് ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില് ഹാജരായി. പറഞ്ഞതിലും അരമണിക്കൂര് നേരത്തെയാണ് ഷൈന് എത്തിയത്. രാവിലെ 10 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്കിയത്. യാത്രയില് ആയതിനാല് വൈകിട്ട് 3.30 ന് ഷൈന് ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
നോര്ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന് ഹാജരായത്. സ്റ്റേഷനില് ഹാജരായ ഷൈനിനോട് മാധ്യമങ്ങള് പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. അസോസിയേറ്റ് ഡയറക്ടർ സൂര്യൻ കുനിശ്ശേരിക്കൊപ്പം കാറിലാണ് ഷൈന് സ്റ്റേഷനിലെത്തിയത്. ഉടന് പൊലീസ് ചോദ്യം ചെയ്യല് ആരംഭിക്കും.
32 ചോദ്യങ്ങളാണ് ഷൈനിനോട് ചോദിക്കാനായി പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. ഷൈന് താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില് നിന്നും വിവരങ്ങള് ശേഖരിക്കുക.
ഹോട്ടലുകളില് ഷൈനിനെ ആരൊക്കെ സന്ദര്ശിച്ചു, ഡാന്സാഫ് പരിശോധനയ്ക്കിടെ ഹോട്ടല് മുറിയില് നിന്നും സാഹസികമായി ഇറങ്ങി ഓടിയത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള് അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്. ഫോണ് കസ്റ്റഡിയില് വാങ്ങിയും പരിശോധിക്കും.
Content Highlights: Shine tom Chacko Reached in police station kochi