കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം. എൻഡിപിഎസ് നിയമത്തിലെ 27-ബി(ലഹരി ഉപയോഗം), 29-ബി(ലഹരി ഉപയോഗത്തിനായുള്ള ക്രിമിനൽ ഗൂഡാലോചന), എൻഎസ് നിയമത്തിലെ 238(തെളിവ് നശിപ്പിക്കൽ) വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, സ്റ്റേഷന് ജാമ്യം ലഭിച്ച ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ സമ്മതിച്ചിരുന്നു. പക്ഷെ, അന്നത്തെ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് മൊഴി. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണ്. സിനിമാ പ്രവർത്തകരാണ് ലഹരി എത്തിച്ച് നൽകുന്നത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും മൊഴിയിൽ പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുളള വകുപ്പുകൾ പ്രകാരം കേസെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ഷൈന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഹോട്ടലിൽ ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ലഹരി ഇടപാടുകളിൽ പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഷൈൻ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും പൊലീസ് കണ്ടെത്തി.
ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് താൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈൻ ഷൈനിന്റെ വാട്ട്സാപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾപേ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights: Shine was charged with a crime that carries a prison sentence of up to six months