കൊച്ചി: ഇന്റേണൽ കംപ്ലയിൻറ് കമ്മിറ്റി(ഐസിസി)ക്ക് മുന്നിൽ വിൻ സി അലോഷ്യസ് ഒരു പരാതിയും നൽകിയിരുന്നില്ലെന്ന് സൂത്രവാക്യം സിനിമ സംവിധായകൻ യൂജിൻ ജോസ് ചിറമ്മൽ. സിനിമയുടെ പ്രധാന അണിയറ പ്രവർത്തകരിൽ ആർക്കും ഇങ്ങനൊരു പ്രശ്നം അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചീഫ് ടെക്നീഷ്യൻമാരും വിഷയം അറിഞ്ഞിരുന്നില്ലെന്നും സിനിമയെ മോശമായി ബാധിക്കാതിരിക്കാനായിരിക്കാം വിൻ സി അപ്പോൾ പരാതി ഉന്നയിക്കാതിരുന്നതെന്നും തിരക്കഥാകൃത്ത് റെജിൻ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോ അറസ്റ്റിലായത് സിനിമയെ മോശമായി ബാധിക്കുമെന്നും റെജിൻ പറഞ്ഞു.
പരാതി നൽകാതെ എങ്ങനെ പ്രശ്നം അറിയുമെന്നായിരുന്നു നിർമാതാവ് ശ്രീകാന്ത് കന്ദ്രഗുലയുടെ പ്രതികരണം. പരാതി ലഭിക്കാതെ എങ്ങനെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. പരാതി ഉയർന്നപ്പോൾ മുതൽ വിൻ സിയുമായി ബന്ധപ്പെട്ടിരുന്നു.വിൻസി യുടെ തുറന്നു പറച്ചിലിനെ സ്വാഗതം ചെയ്യുന്നു. സെറ്റിൽ ആർക്കും പ്രശ്നത്തെ പറ്റി അറിയില്ലായിരുന്നു. അറിയാമായിരുന്നു എന്ന പരാമർശത്തിൽ വിൻ സി വ്യക്തത വരുത്തണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.
അതേസമയം, ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. ഷൈൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി. രണ്ടുപേരുടെ ആൾജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. നടന്റെ മാതാപിതാക്കളാണ് ജാമ്യം നിന്നത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ഷൈൻ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാൻ നടൻ തയ്യാറായില്ല.
ലഹരിക്കേസിൽ ഒന്നാംപ്രതിയാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുർഷിദാണ് രണ്ടാംപ്രതി. മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഷൈൻ ഹോട്ടലിൽ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്നും എഫ് ഐ ആറിൽ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈൻ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടൻ പൊലീസിന് നൽകിയ മൊഴി.
Contentr Highlights: soothravakkyam movie directorclaims that Vincy Aloshious did not file a complaint