കൊച്ചി: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച എറണാകുളം സ്വദേശിക്ക് 20000 രൂപ നഷ്ടപ്പെട്ടു.
ഏപ്രിൽ 11നാണ് എറണാകുളം സ്വദേശിക്ക് നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
സന്ദേശം വിശ്വസിച്ച് ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷമാണ് അവിശ്വസനീയമായ രീതിയിൽ തട്ടിപ്പ് നടന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ഒരു രൂപ അടയ്ക്കാനായിരുന്നു നിർദേശം. എന്നാൽ സംശയം തോന്നിയതോടെ ഇയാൾ നൽകിയില്ലെന്ന് മാത്രമല്ല, ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോകുകയും ചെയ്തു. ഇതിനിടെ ഇയാൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്തു. തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്നും 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടക്കുകയും ചെയ്തു.
തങ്ങൾ ഒരിക്കലും വാട്സ്ആപ്പിൽ ആർക്കും ഇത്തരത്തിൽ സന്ദേശം അയക്കാറില്ലെന്ന് എം വി ഡി അധികൃതർ അറിയിച്ചു. സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്കാണ് പണം പോയത് എന്നാണ് വിവരം.
Content Highlights: fake message in the name of MVD leads to loss of 20000 rupees