പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും വിമോചനത്തിൻ്റെയും സന്ദേശം ഉയർത്തി ഈസ്റ്റർ; വരവേറ്റ് വിശ്വാസികൾ

അൻപത് നോമ്പ് പൂർത്തിയാക്കിയാണ് ഉയിർപ്പ് തിരുനാളിൻ്റെ പ്രതീക്ഷാനിർഭരമായ പുലരിയിലേയ്ക്ക് വിശ്വാസികൾ കടന്നിരിക്കുന്നത്

കൊച്ചി: പ്രത്യാശയുടെയും സ്നേഹത്തിൻ്റെയും വിമോചനത്തിൻ്റെയും സന്ദേശം ഉയർത്തി ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികൾ. പീഢാനുഭവങ്ങൾക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാംദിനം ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മയിലാണ് വിശ്വാസികൾ ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നത്. പ്രത്യാശയുടെയും വിമോചനത്തിൻ്റെയും സന്ദേശമാണ് ഈസ്റ്റർ പങ്കുവെക്കുന്നത്. അൻപത് നോമ്പ് പൂർത്തിയാക്കിയാണ് ഉയിർപ്പ് തിരുനാളിൻ്റെ പ്രതീക്ഷാനിർഭരമായ പുലരിയിലേയ്ക്ക് വിശ്വാസികൾ കടന്നിരിക്കുന്നത്.

ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ പള്ളികളിൽ പുലർച്ചെ വരെ നീണ്ട പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും നടന്നു. എറണാകുളം തിരുവാങ്കുളം സെൻ്റ് ജോർജ് പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. മുളന്തുരുത്തി പള്ളിയിൽ യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഈസ്റ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കോട്ടയം വാഴൂർ പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.

Content Highlights: Happy Easter Sunday 2025

To advertise here,contact us