വഖഫ് ഭേദഗതി പ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം- വി അബ്ദുറഹിമാന്‍

വഖഫ് ഭേദഗതി നിയമപ്രകാരം സര്‍ക്കാരാണ് ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്, എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമപ്രകാരം കേരളത്തില്‍ വഖഫ് ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തിലുളള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. വഖഫ് ഭേദഗതി നിയമപ്രകാരം സര്‍ക്കാരാണ് ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത്, എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു വരെ നിലവിലെ ബോര്‍ഡിന് തുടരാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'വഖഫ് ഭേദഗതി പ്രകാരം ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയെ വരണാധികാരിയായി നിയമിച്ചിട്ടുമുണ്ട്. വഖഫ് ഭേദഗതി നിയമപ്രകാരമാണ് ബോര്‍ഡ് രൂപീകരിക്കുന്നതെങ്കില്‍ വരണാധികാരിയെ നിയമിക്കുകയോ വോട്ടര്‍ പട്ടിക തയ്യാറാക്കുകയോ വേണ്ട. വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനമാണ് കേരളം. മറിച്ചുളള പ്രചാരണം ദുരുദ്ദേശപരമാണ്'- മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

അതേസമയം, വഖഫ് ബില്‍ വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തകര്‍ക്കാനുളള ബിജെപി സര്‍ക്കാരിന്റെ നീക്കം തടയുന്നതില്‍ സുപ്രീംകോടതി ഫലപ്രദമായ നിലപാട് സ്വീകരിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി പലതവണ നടത്തിയ വെല്ലുവിളികള്‍ക്ക് അതിശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടലിലൂടെ ഉണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: new waqf board under amendmend is baseless says v abdurahiman

To advertise here,contact us