ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; 46 ലക്ഷം രൂപ തട്ടിയ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയിൽ ഇവ‍ർ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്

മട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് സിനിമാ പ്രവർത്തകർ പൊലീസിന്റെ പിടിയിൽ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന ശ്രീദേവ്, കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയിൽ ഇവ‍ർ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികൾ വാട്ട്സ്ആപ്പിലുടെ ലിങ്ക് അയച്ച്കൊടുക്കുകയായിരുന്നു. ഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.

അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതികളുടെ മൊബെൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റിലാവുകയായിരുന്നു.തട്ടിപ്പിലൂടെ നേടിയ പണം മുഹമ്മദ് റാഫി പറഞ്ഞതനുസരിച്ച് ശ്രീദേവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറുകയുമായിരുന്നു.

Content Highlights:Online financial fraud; Two film workers arrested for defrauding Rs 46 lakhs

To advertise here,contact us