കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴിയും തെളിവുകളും വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമാവും തുടർ നടപടിയുണ്ടാവുക. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേരും. യോഗത്തിന് ശേഷമായിരിക്കും ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22-ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ 22-ന് ഹാജരാകാൻ തനിക്ക് അസൗകര്യം ഉണ്ടെന്നും 21-ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പൊലീസ് ഇത് സമ്മതിക്കുകയുമായിരുന്നു. പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചത്. ഈ സംഭവങ്ങൾ നടന്ന സമയത്ത് കമ്മീഷണർ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം തിരിച്ചെത്തിയ ശേഷം നടക്കുന്ന കൂടിയാലോചനകൾക്കും മൊഴികളിലെ വിശദ പരിശോധനയ്ക്കും ശേഷമാകും ഷൈനിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമാവുക.
ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലിൽ തങ്ങിയത് ലഹരി ഉപയോഗത്തിനും ഗൂഢാലോചന നടത്തുന്നതിനുമാണെന്നാണ് എഫ്ഐആറിൽ ഉള്ളത്. ലഹരി ഉപയോഗിച്ചുവെന്ന് ഷൈൻ മൊഴി നൽകിയിട്ടുണ്ടെങ്കിലും ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിന് നടത്തിയ വൈദ്യ പരിശോധനാ ഫലം അനുസരിച്ചാവും പൊലീസിൻ്റെ തുടർ നീക്കം. ഷൈനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും.
വൈദ്യപരിശോധനയിൽ ലഹരി കണ്ടെത്താതിരിക്കാനുള്ള മറുമരുന്ന് ഇയാൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തുകയെന്നതും പ്രയാസമായിരിക്കും.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷൈനിനെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ശേഷം ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Content Highlights: Shine Tom Chacko does not have to appear before police tomorrow