കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളത്തിലെ ആരാധക കൂട്ടായ്മ. ഏതൊരു അർജന്റീനക്കാരനെയും പോലെ മറഡോണയും മെസ്സിയും അർജന്റീനൻ ദേശീയ ടീമും എന്നും ഇഷ്ട പ്രണയങ്ങളായി കൊണ്ട് നടന്നൊരാളായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് അർജന്റീന ഫാൻസ് കേരള ഫെയ്സ്ബുക്കിൽ കുറിച്ചു. ജന്മ നാടായ ബ്യൂനസ് ഐറിസിലെ സാൻ ലോറൻസോ ക്ലബ്ബിന്റെ അംഗത്വമുള്ള ആരാധകനായിരുന്നു ഫ്രാൻസിസ് പാപ്പ. ഏതൊരു സാധാരണക്കാരനായ ആരാധകനെ പോലെയും അർജന്റീനൻ ടീമിന്റെ വിജയങ്ങളിൽ സന്തോഷിക്കുകയും പരാജയങ്ങളിൽ സങ്കടപ്പെടുകയും ചെയ്തിരുന്ന പാപ്പ ഫുട്ബോൾ ആരധകർക്കിടയിലും സ്വീകാര്യനായിരുന്നു. ആരാധക കൂട്ടായ്മ പ്രതികരിച്ചു.
ബ്രോങ്കൈറ്റിസ് (ശ്വാസനാളത്തിലെ അണുബാധ) രോഗബാധയില് നിന്നും സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്ച്ച് 23നായിരുന്നു ഫ്രാന്സിസ് മാര്പാപ്പ ആശുപത്രി വിട്ടത്.
ഏറ്റവും ഒടുവില് ഈസ്റ്റര് ദിനത്തിലും മാര്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറില് വിശ്വാസികളെ കണ്ടിരുന്നു. ഗാസയില് ഉടന് തന്നെ വെടിനിര്ത്തല് പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര് സന്ദേശത്തില് പാപ്പ ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള് അനുഭവിക്കുന്നവര്ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തില് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Argentina Fans Kerala paid homages to Pope Francis demise