കൊച്ചി: നടി വിന് സി അലോഷ്യസിനും നടന് ഷൈന് ടോം ചാക്കോയ്ക്കുമെതിരെ 'സൂത്രവാക്യം' സിനിമയുടെ നിര്മ്മാതാവ് ശ്രീകാന്ത് കണ്ടര്ഗുള. ഇരുവരും സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിന് സി അലോഷ്യസുമായി സംസാരിച്ചു. സിനിമാ സെറ്റിലുണ്ടായ വിഷയം ചിലര്ക്ക് അറിയാമായിരുന്നുവെന്ന് വിന് സി പറഞ്ഞു, എന്നാല് അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
'സത്യസന്ധമായി വീണ്ടും പറയട്ടെ. സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. യാതൊരു പരാതിയും ലഭിച്ചിരുന്നില്ല. വിവാദം സിനിമയെ നെഗറ്റീവായി ബാധിച്ചു. ഈസ്റ്റര് ദിനത്തില് സിനിമയുടെ പോസ്റ്റര് പുറത്തുവിട്ടു. വിന് സിയോ ഷൈനോ പോസ്റ്റര് പങ്കുവെച്ചിട്ടില്ല. ലഹരിയെക്കുറിച്ചോ വിന് സിയുടെ പരാതിയെക്കുറിച്ചോ എനിക്ക് യാതൊന്നും അറിയില്ല. എന്നാല് എന്റെ സിനിമയെ ഇതെല്ലാം പ്രതികൂലമായി ബാധിച്ചു', നിര്മ്മാതാവ് ശ്രീകാന്ത് കണ്ടര്ഗുള പറഞ്ഞു.
താന് കേരളത്തിലെത്തിയത് കൂടുതല് മലയാളം സിനിമകള് നിര്മ്മിക്കാനാണ്. എന്നാല് ആദ്യ ചിത്രത്തില് തന്നെ ഇതൊക്കെയാണ് അനുഭവം. എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. കഴിഞ്ഞ മൂന്ന് നാല് ദിസവമായി ഉറക്കമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ സൈറ്റില് വെച്ച് ലഹരി ഉപയോഗിച്ച നടനില് നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു വിന് സിയുടെ പരാതി. അയാള് സെറ്റിലിരുന്ന വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്ക്കൊപ്പം അഭിനയിക്കില്ല എന്നും വിന് സി വെളിപ്പെടുത്തിയിരുന്നു. തുടക്കത്തില് വിന് സി നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് നടന്റെ പേരുള്പ്പെടെ പരാമര്ശിച്ച് ഫിലിം ചേംബറിന് പരാതി നല്കുകയായിരുന്നു. രഹസ്യ സ്വഭാവത്തില് നല്കിയ പരാതിയില് നടന്റെ പേര് പുറത്ത് വന്നതിലും വിന് സിക്ക് അതൃപ്തിയുണ്ടായിരുന്നു.
Content Highlights: Soothravakyam movie producer against Vincy and shine tom chacko