തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖം മണൽകയറി അടഞ്ഞ വിഷയത്തിൽ പൊഴി മുറിക്കാൻ തീരുമാനം. സംയുക്ത സമരസമിതിയുമായി ഡ്രഡ്ജർ കമ്പനി നടത്തിയ ചർച്ചയിലാണ് ധാരണയായത്. പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് തീരുമാനം. സമരസമിതിയുമായി നടത്തി. ചർച്ച വിജയകരമാണെന്ന് കരാർ എടുത്ത രാജേശ്വരി പിള്ള അറിയിച്ചു.
മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. കായലിൽ നിന്നും 90 മീറ്റർ നീളത്തിൽ മണൽ നീക്കം ചെയ്യും. 130 മീറ്റർ നീളത്തിലാണ് മണൽതിട്ട രൂപപ്പെട്ടത്. ചന്ദ്രഗിരി ഡ്രഡ്ജർ എത്തിയ ശേഷം 40 മീറ്റർ മണൽ നീക്കം ചെയ്യും. പൊഴി മുറിക്കുന്നതിനോടൊപ്പം തന്നെ കൂട്ടിയിട്ടിരിക്കുന്ന മണൽ മാറ്റുവാനുള്ള നടപടികളും ആരംഭിക്കും. ഈ തീരുമാനത്തിലാണ് സംരക്ഷണ സമിതി അനുമതി കൊടുത്തത്. പൊഴി മുറിക്കാനുള്ള നടപടികൾ ഇന്ന് തന്നെ ആരംഭിക്കുമെന്നാണ് വിവരം.
മുതലപ്പൊഴി അടഞ്ഞതിന് പിന്നാലെ മത്സ്യതൊഴിലാളികൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിരുന്നു. ജൂണ് കഴിയുമ്പോള് സീസണ് ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില് ഇഴഞ്ഞുനീങ്ങുന്ന ഡ്രഡ്ജ്ജിങ് നടപടികളില് മത്സ്യത്തൊഴിലാളികള്ക്ക് ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ മൂന്നുമാസമായി മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്ക്ക് കടലില് പണിക്ക് പോകാന് കഴിഞ്ഞിരുന്നില്ല. പിന്നാലെ പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ രംഗത്തെത്തുകയായിരുന്നു.
Content Highlights-The discussions held by the dredger company were successful, and it was decided to cut the muthalapozhi