കാസർകോട് മുതൽ തിരുവനന്തപുരം വരെ; 43 ദിവസം നീണ്ട് നിൽകുന്ന രാപ്പകൽ സമര യാത്രയുമായി ആശമാർ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരോടുള്ള സർക്കാർ അവ​ഗണനയിൽ പ്രതിഷേധിച്ചാണ് സമരം

തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ സമരയാത്ര സംഘടിപ്പിക്കാൻ തീരുമാനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരോടുള്ള സർക്കാർ അവ​ഗണനയിൽ പ്രതിഷേധിച്ചാണ് സമരം. മേയ് അഞ്ച് മുതൽ ജൂൺ 17 വരെയാണ് സമരയാത്ര. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവാണ് സമരയാത്രയുടെ ക്യാപ്റ്റൻ. തൊഴിലാളി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ നടക്കുന്ന സ്ത്രീ തൊഴിലാളി അവകാശ മേയ്ദിന റാലിയോട് അനുബന്ധിച്ച് സമരയാത്രയുടെ ഫ്ലാ​ഗ് ഓഫ് നടക്കും.

ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി കഴിഞ്ഞ ദിവസമാണ് സർക്കാർ മരവിപ്പിച്ചത്. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന നിര്‍ദേശം പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നത് പരിഗണിച്ചില്ല. പ്രശ്‌നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ മൂന്ന് മാസം കൊണ്ട് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- From Kasaragod to Thiruvananthapuram, ASHAs are preparing for a 43-day day and night strike.

To advertise here,contact us