ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിൽ ആശയക്കുഴപ്പമില്ലെന്ന് എസിപി

തെളിവുകൾ ശേഖരിച്ച് വരികയാണെന്നും ഷൈൻ ടോം ചാക്കോയുടെ ലഹരി ഇടപാടുകൾ പരിശോധിച്ച് വരികയാണെന്നും എസിപി അറിയിച്ചു

കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിനുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി കൊച്ചി ഡിസിപി അശ്വതി ജിജി. ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് ഷൈൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ലഹരി ഉപയോ​ഗത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും എസിപി വ്യക്തമാക്കി. കേസെടുത്തതിന് പിന്നാലെ തെളിവുകൾ ശേഖരിച്ച് വരികയാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി ഇടപാടുകൾ പരിശോധിച്ച് വരികയാണെന്നും എസിപി അറിയിച്ചു. കേസിൽ കോൾ റെക്കോർഡുകളും ബാങ്ക് ഇടപാടുകളും നിർണായകമാണെന്നും എസിപി വ്യക്തമാക്കി. ലഹരി ഇടപാടുകാരൻ സജീറിനായി അന്വേഷണം തുടരുകയാണെന്നും ഡിസിപി അശ്വതി ജിജി അറിയിച്ചു.

നേരത്തെ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഡാൻസാഫ് പരിശോധനയ്ക്കെത്തിയപ്പോൾ ഓടി രക്ഷപെട്ട ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഷൈൻ ടോം ചാക്കോയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയിച്ചിരുന്നു. രണ്ടുപേരുടെ ആൾജാമ്യത്തിലായിരുന്നു ഷൈനെ വിട്ടയച്ചത്. നിലവിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എൻഡിപിഎസ് നിയമത്തിലെ 27-ബി(ലഹരി ഉപയോഗം), 29-ബി(ലഹരി ഉപയോഗത്തിനായുള്ള ക്രിമിനൽ ഗൂഡാലോചന), എൻഎസ് നിയമത്തിലെ 238(തെളിവ് നശിപ്പിക്കൽ) വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 'ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്ന്' ചോദ്യം ചെയ്യലിൽ ഷൈൻ മൊഴി നൽകിയിരുന്നു. ആരെയും ലഹരി ഉപയോ​ഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞിരുന്നു.

ജാമ്യത്തിൽ വിട്ടയച്ച ഷൈനോട് വീണ്ടും ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇപ്പോൾ ഹാജരാകേണ്ടെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22-ന് ഹാജരാകാനായിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ 22-ന് ഹാജരാകാൻ തനിക്ക് അസൗകര്യം ഉണ്ടെന്നും 21-ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പൊലീസ് ഇത് സമ്മതിക്കുകയുമായിരുന്നു. പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചത്.

Content Highlights: Shine Tom Chacko drug case ACP says there is no confusion in the police over registering an FIR

To advertise here,contact us