കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ താരങ്ങൾക്ക് നോട്ടീസ് അയച്ച് എക്സൈസ്. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്സൈസിന് ലഭിച്ചിരുന്നു. തസ്ലീമ ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണമോ എന്ന് ചോദിക്കുന്നതും, ശ്രീനാഥ് ഭാസി വെയ്റ്റ് എന്ന് മറുപടി നൽകിയ ചാറ്റും പൊലീസ് കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോയുമായുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു.
താനും സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്നും ഷൈനെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും എന്നാൽ ഈ കേസുമായി അവർക്ക് യാതൊരു ബന്ധവുമില്ല എന്നുമാണ് തസ്ലീമ പറഞ്ഞിരുന്നത്. എന്നാൽ, സിനിമാ മേഖലയിലുള്ളവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാനപ്പെട്ടയാളാണ് തസ്ലീമ എന്നായിരുന്നു പൊലീസിന്റെ നിഗമനം.
ആലപ്പുഴയില് നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന് ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്കിയിരുന്നു. നടന്മാര്ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്കിയതായായിരുന്നു വിവരം. തസ്ലീമയുടെ ഭർത്താവിനെയും എക്സൈസ് പിടികൂടിയിരുന്നു. തമിഴ്നാട് -ആന്ധ്ര അതിര്ത്തിയില് വെച്ചാണ് പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു ഇയാള്.
സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്ലീമയെ പിടികൂടിയതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് എസ് വിനോദ് കുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.
Content Highlights: Excise Sent Notice For Shine Tom Chacko and Sreenath Bhasi