അനുസ്മരണം ഒഴിവാക്കിയത് ഗാന്ധിയന്‍ മൂല്യങ്ങളോടുള്ള ചേറ്റൂരിന്റെ വിയോജിപ്പ് കാരണം: കെ മുരളീധരന്‍

'കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം ബ്രിട്ടീഷുമായി ഒത്തുതീര്‍പ്പ് ഉണ്ടായോ എന്ന് സംശയം'

തിരുവനന്തപുരം: ഗാന്ധിയന്‍ നയങ്ങളെ പൂര്‍ണ്ണമായും തള്ളിയയാളെന്നതിനാലാണ് ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് അനുസ്മരിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഗാന്ധിയന്‍ മൂല്യങ്ങളോട് ചേറ്റൂരിന്റെ വിയോജിപ്പാണ് അനുസ്മരണം ഒഴിവാക്കാന്‍ കാരണം. എന്നാല്‍ ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി ദേശീയ പ്രസിഡന്റായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍.

'നിസ്സഹകരണ സമരത്തെ ചേറ്റൂര്‍ എതിര്‍ത്തു. പുസ്തകം എഴുതുമ്പോള്‍ ഗാന്ധിയന്‍ ആശയങ്ങളെ പൂര്‍ണ്ണമായും തള്ളി. ഗാന്ധിയന്‍ മൂല്യങ്ങളോടുള്ള ചേറ്റൂരിന്റെ വിയോജിപ്പാണ് അനുസ്മരണം ഒഴിവാക്കാന്‍ കാരണം. എന്നാല്‍ ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ല. വിയോജിപ്പ് നിലനിര്‍ത്തി അനുസ്മരണം തുടരണം' എന്നും കെ മുരളീധരന്‍ പറഞ്ഞു.

'സ്വാതന്ത്ര്യസമര സേനാനികളെ ബിജെപി ദത്തെടുക്കുന്നു. ആദ്യം വല്ലഭായ് പട്ടേലിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ വര്‍ഗ്ഗീയവാദി ആയിരുന്നില്ല. യോജിക്കാന്‍ കഴിയാത്ത നടപടികള്‍ ചേറ്റൂരിന്റെ ഭാഗത്ത് നിന്നുമുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിന് ശേഷം ബ്രിട്ടീഷുമായി ഒത്തുതീര്‍പ്പ് ഉണ്ടായോ എന്ന് സംശയം. ഈ കാര്യത്തില്‍ ഒരു ഗവേഷണം ആവശ്യമാണെ'ന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം ഗാന്ധിജിയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച നേതാവാണ് ചേറ്റൂര്‍ എന്നും ധൈര്യത്തോടെ അഭിപ്രായം പറയാന്‍ കോണ്‍ഗ്രസ്സില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. സംഘികള്‍ ഗാന്ധിജിയെ പോലും ആര്‍എസ്എസ് വല്‍ക്കരിക്കാന്‍ ശ്രമിച്ചേക്കും. ചിലര്‍ ചേറ്റൂരിന്റെ വേരുകള്‍ അന്വേഷിച്ച് നടക്കുന്നു. കുറ്റബോധം ഉണ്ടെങ്കില്‍ പാലക്കാട് നഗരസഭ ചേറ്റൂരിന്റ പേര് നല്‍കണം. ചേറ്റൂര്‍ ആരാണെന്ന് പോലും അറിയാതെ ചിലര്‍ കോമാളി വേഷം കെട്ടുന്നുവെന്നും പ്രതാപന്‍ പറഞ്ഞു.

ചേറ്റൂര്‍ നാടിന്റെ ആത്മാഭിമാനമെന്നും ബിജെപി എന്ന് മുതലാണ് അദ്ദേഹത്തെ ഓര്‍ത്തു തുടങ്ങിയതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. എല്ലാവര്‍ഷവും കോണ്‍ഗ്രസ് ചേറ്റൂരിനെ സ്മരിക്കാറുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അവഗണിച്ചുവെന്ന് ആരോപിച്ച് ചേറ്റൂരിന്റെ ഓര്‍മ്മദിനം സ്മൃതിദിനമായി ആചരിക്കാനായിരുന്നു ബിജെപി തീരുമാനം. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബങ്ങളെ പാലക്കാടും ഒറ്റപ്പാലത്തും എത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചേറ്റൂരിന്റെ ഓര്‍മ്മ ദിവസമായ ഈ മാസം 24ന് സ്മൃതിദിനം ആചരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചത്.

Content Highlights: commemoration was omitted due to chettur sankaran nair's disagreement with Gandhian values

To advertise here,contact us