നാടോടിയ ഒന്‍പത് വര്‍ഷങ്ങള്‍; കാസര്‍ഗോഡ് ജില്ല വികസന കുതിപ്പില്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലയില്‍

രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ തുടക്കമായിരിക്കുന്ന ഈ അവസരത്തില്‍ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുകയാണ് കാസര്‍ഗോഡ് ജില്ല. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇത്രമാത്രം ചേര്‍ത്തു പിടിക്കുന്ന ഒരു സര്‍ക്കാറിന്റെ തണലില്‍ കാസര്‍ഗോഡ് സ്വന്തമാക്കിയതത്രയും ചരിത്ര നേട്ടങ്ങളാണ്. എണ്ണിയെണ്ണി പറയാന്‍ പാകത്തിന് നേട്ടങ്ങള്‍ കൈവരിച്ചിരിക്കുകയാണ് കാസര്‍ഗോഡ് ജില്ല.

ദേശീയപാത 66 ആദ്യ റീച്ച് അവസാന ഘട്ടത്തില്‍, ലൈഫ് പദ്ധതിയിലൂടെ 17,882 പേര്‍ക്ക് വീടുകള്‍ ലഭിച്ചു, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി മുതല്‍മുടക്കി മികവിന്റെ കേന്ദ്രമായി ജില്ലയിലെ അഞ്ച് വിദ്യാലയങ്ങള്‍, മൂന്ന് കോടിയുടെ നവീകരണം നടന്നത് 18 വിദ്യാലയങ്ങളില്‍, 53 വിദ്യാലയങ്ങളില്‍ ഒരു കോടി രൂപയുടെ നവീകരണം നടന്നു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആര്‍ദ്രം നിലവാരത്തില്‍ അഞ്ച് സി.എച്ച്.സികളും 39 കുടുംബാരോഗ്യ കേന്ദ്രങ്ങളും ഇന്ന് ജില്ലയിലുണ്ട്. താലൂക്ക് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മെഡിക്കല്‍ കോളേജില്‍ നെഫ്രോളജി, ന്യൂറോളജി, റൂമോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി, മറ്റ് സ്പെഷ്യാലിറ്റി ഒ.പി സൗകര്യങ്ങളും സജ്ജീകരിച്ചു. ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യം, സി.എച്ച്.സികളില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ലക്ഷ്യ നിലവാരത്തില്‍ ലേബര്‍ ബ്ലോക്ക് തുടങ്ങിയവയും കാസര്‍ഗോഡ് ജില്ല കൈവരിച്ച നേട്ടങ്ങളാണ്.

ജില്ലയില്‍ 22 പ്രധാന റോഡുകളാണ് നവീകരിച്ചതും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതുമായിട്ടുള്ളത്. മഞ്ചേശ്വരം ഹാര്‍ബര്‍, കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍, പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്, കെല്‍.എ.എം.എല്‍, ഉദുമ സ്പിന്നിങ് മില്‍, ടി.എസ് തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം, മഞ്ചേശ്വരം ലോ കോളേജ്, തുളു അക്കാദമി, സോളാര്‍ പാടം അങ്ങനെ നീണ്ടു പോകുന്ന നേട്ടങ്ങളാണ് ജില്ലയിലുള്ളത്.

496 പച്ചത്തുരുത്തുകള്‍ കാസര്‍ഡോഡ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. 301.9 കിലോമീറ്റര്‍ നിര്‍ച്ചാലുകള്‍ വീണ്ടെടുത്തു, 12 ജലഗുണനിലവാര പരിശോധന ലാബുകള്‍, ജില്ലയില്‍ പൂര്‍ണമായും ജലബജറ്റ് തയ്യാറാക്കി. 38 തോടുകള്‍ പുനരുജ്ജീവിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലം ഉള്‍പ്പെടെ നാടുനീളെ പാലങ്ങള്‍ നിര്‍മിക്കാനും ഈ സര്‍ക്കാരിന് സാധിച്ചു. 30 അങ്കണവാടികളാണ് ജില്ലയില്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങി നില്‍ക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇതുവരെ 332,67,20,000 രൂപയുടെ സാമ്പത്തിക സഹായം നല്‍കി. 682,70,833 രൂപയുടെ വായ്പ എഴുതി തള്ളി.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലയില്‍ ഏപ്രില്‍ 21ന് കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 2025 ഏപ്രില്‍ 21 മുതല്‍ 27 വരെ കാലിക്കടവ് മൈതാനത്ത് പ്രദര്‍ശന വിപണന മേള നടന്നു. സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷത്തെ നേട്ടങ്ങള്‍ നേരില്‍ കാണാനും സൗജന്യ സേവനങ്ങള്‍ നേടുന്നതിനും തീം പവലിയനുകള്‍, വിപണന സ്റ്റാളുകള്‍ എന്നിവയുണ്ട്. ഫുഡ് കോര്‍ട്ട്, എല്ലാദിവസവും കലാപരിപാടികള്‍ എന്നിവയും മേളയില്‍ നടന്നുവരുന്നു. കാര്‍ഷിക പ്രദര്‍ശനം, പെറ്റ് ഷോ, കിഡ്‌സ് സോണ്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍, തുടങ്ങിയവ മേളയുടെ ആകര്‍ഷകങ്ങളാണ്.

Content Highlights: Fourth anniversary of the second Pinarayi government - State-level inauguration in Kasaragod district

To advertise here,contact us