സ്വരാജ് എന്തുകൊണ്ട് നിലമ്പൂരിൽ മത്സരിക്കുന്നില്ല? കോണ്‍ഗ്രസുമായി നടന്നത് വിലപേശൽ ചര്‍ച്ചയല്ലെന്ന് പി വി അൻവർ

'ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത വിഷമം നേരിടുന്നത് സിപിഐഎം ആണ്'

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് പി വി അന്‍വര്‍. മുന്നണിയുടെ ഭാഗമാകാന്‍ തന്നെയാണ് പോകുന്നത്. അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളാണ് നടക്കുന്നത്. വിലപേശല്‍ ചര്‍ച്ചയല്ല. വിലപേശാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാം ഇട്ടെറിഞ്ഞുവന്നയാളാണ് താന്‍. അത് എന്തിനു വേണ്ടിയിട്ടാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും പി വി അന്‍വര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നണി പ്രവേശനം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമല്ല. പിണറായിസത്തിനെതിരെ യുഡിഎഫ് നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ത്ഥിയായാലും മുന്നില്‍ നിന്ന് പിന്തുണയ്ക്കും. ആ പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത വിഷമം നേരിടുന്നത് സിപിഐഎം ആണ്. എന്തുകൊണ്ടാണ് സിപിഐഎം എം സ്വരാജിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാത്തതെന്ന് പി വി അന്‍വര്‍ ചോദിച്ചു.

'സിപിഐഎം സെക്രട്ടറിയേറ്റ് അംഗം ഉണ്ടല്ലോ? നിലമ്പൂരുകാരനായ സ്വരാജ് എന്തുകൊണ്ടാണ് മണ്ഡലത്തില്‍ മത്സരിക്കാത്തത്? എന്തുകൊണ്ടാണ് സിപിഐഎം സ്വരാജിനെ മത്സരിപ്പിക്കാത്തത്?, എന്നുമാണ് പി വി അന്‍വര്‍ ചോദിച്ചത്.

കഴിഞ്ഞദിവസം കന്റോണ്‍മെന്റ് ഹൗസില്‍വെച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുമായുള്ള പി വി അന്‍വറിന്റെ കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് നേതാക്കളുമായി ആലോചിച്ചശേഷമായിരിക്കും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനം സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുകയെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ചരിത്രത്തിലില്ലാത്ത ഭൂരിപക്ഷത്തില്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അന്‍വര്‍ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു.

Content Highlights: hopeful of UDF entry after discussions with Congress leaders said p v anvar

To advertise here,contact us