കോട്ടയം ഇരട്ടക്കൊലപാതകം; പ്രതി അമിതിനെ റിമാൻഡ് ചെയ്തു

അസം സ്വദേശിയായ അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പിടികൂടിയത്

കോട്ടയം: കോട്ടയം ഇരട്ടക്കൊലപാതക കേസിലെ പ്രതി അമിതിനെ റിമാൻഡ് ചെയ്തു. കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. അസം സ്വദേശിയായ അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തിങ്കളാഴ്ച്ചയാണ് വിജയകുമാറിനെയും ഭാര്യ മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ വീട്ടുജോലിക്കാരി കണ്ടെത്തിയത്. ഇരുവരുടെയും മുഖത്തും തലയിലും ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പ്രതി മനപൂര്‍വ്വം ഇവരെ വിവസ്ത്രരാക്കിയതാണ് എന്നാണ് സംശയിക്കുന്നത്. അമ്മിക്കല്ലും കോടാലിയും ഉപയോഗിച്ച് ഇവരുടെ മുഖം വികൃതമാക്കിയ നിലയിലായിരുന്നു.

അമിത് ഉറാങ് വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും മൂന്നുവര്‍ഷം ജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ ഇയാള്‍ വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈലുകള്‍ മോഷ്ടിക്കുകയും ഒന്നരലക്ഷത്തോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തു. വിജയകുമാറിന്റെ കുടുംബത്തിന്റെ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അമിത് അറസ്റ്റിലായി. ഏപ്രില്‍ ആദ്യവാരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും അസം സ്വദേശിനിയായ കാമുകി ഉപേക്ഷിച്ചുവെന്ന് അമിത് തിരിച്ചറിഞ്ഞു. ഇത് ഇയാളെ പ്രകോപിപ്പിച്ചു. ഇതോടെ വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ പ്രതി തീരുമാനിക്കുകയായിരുന്നു.

'വിജയകുമാര്‍ അടിമയോട് എന്ന പോലെയാണ് പെരുമാറിയിരുന്നത്. പലതവണ ശമ്പളം ചോദിച്ചിട്ടും തരാതിരുന്നതോടെയാണ് മൊബൈല്‍ മോഷ്ടിച്ചത്. വിജയകുമാറിന്റെ ഫോണിലുണ്ടായിരുന്ന സിം കാര്‍ഡ് സ്വന്തം മൊബൈലിലേക്ക് മാറ്റി. ഗൂഗിള്‍ പേ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. നമ്പര്‍ ലിങ്ക് ചെയ്തിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 2,78,000 രൂപ മാറ്റി. ഭാര്യ പറഞ്ഞതോടെ ഇത് തിരികെ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ പൊലീസ് കേസായതിനാല്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പണം തിരികെ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നും വിജയകുമാറിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. വിജയകുമാര്‍ ആവശ്യം നിഷേധിച്ചതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം വിളക്കെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഇത് നടക്കില്ലെന്ന് കണ്ടതോടെ വീടിനുളളില്‍ നിന്നുതന്നെ കോടാലിയെടുത്തു'- അമിത് ഉറാങ് പൊലീസിനോട് പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹം കഴിച്ചതെന്നും ഗര്‍ഭകാലത്ത് ഭാര്യയെ പരിചരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതികാരത്തിന് കാരണമെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.

അമിതിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സൗകര്യമുണ്ടാക്കിയത് ജയിലില്‍ കൂടെയുണ്ടായിരുന്ന കല്ലറ സ്വദേശി ഫൈസല്‍ ഷാജിയാണ്. ജാമ്യത്തിന് ആളെ നല്‍കിയതും ഫൈസല്‍ ഷാജിയാണ്. ഇവര്‍ക്കായുളള പണം അമിതിന്റെ അമ്മ നാട്ടില്‍ നിന്ന് അയച്ചുകൊടുക്കുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി കുമളിയിലെ തട്ടുകടയില്‍ ജോലി ചെയ്തു. അവിടെവെച്ചാണ് വിജയകുമാറിനോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സംസാരിച്ചത്. നിഷേധിച്ചതോടെ കൊല്ലാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ നിന്ന് 8 മണിയോടെ ഇറങ്ങി. 12 മണിവരെ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്ത് ഇരുന്നു. 12 ഇടങ്ങളില്‍ നിന്നും പൊലീസ് പ്രതിയുടെ വിരലടയാളങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

Content Highlights- Kottayam double murder case; Accused Amit remanded

To advertise here,contact us