'കശ്മീരില്‍ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ'; നടന്നത് വിശദീകരിച്ച് ആരതി

കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ കൊച്ചി സ്വദേശി ആരതി. ഭീകരാക്രമണത്തില്‍ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താന്‍ നേരില്‍ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികള്‍ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു.

'മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങള്‍. നിറയെ വിദേശികള്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഗണ്‍ ഷോട്ടാണെന്ന് മനസ്സിലായില്ല. രണ്ടാമത് വീണ്ടും ശബ്ദം കേള്‍ക്കുകയും ദൂരെ നിന്നും മുകളിലേക്ക് വെടിവെക്കുന്നത് കാണുകയും ചെയ്തു. തീവ്രവാദി ആക്രമണം ആണെന്ന് അപ്പോള്‍ തന്നെ മനസ്സിലായി. ഞാന്‍ അച്ഛനെയും മക്കളെയും നിലത്തേക്ക് കിടത്തി, ഞാനും കിടന്നു. അമ്മ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ഒരു തീവ്രവാദി പുറത്തേക്ക് വന്നത്. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. എന്തോ ചോദിക്കുന്നു ഷൂട്ട് ചെയ്യുന്നു എന്നതാണ് പിന്നീട് കണ്ടത്. അടുത്തതായി അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. ഒറ്റ വാക്കാണ് ചോദിച്ചത്. കലിമയെന്നാണ് പറഞ്ഞത്. മനസ്സിലായിരുന്നില്ല ആദ്യം. അപ്പോഴേക്കും അച്ഛനെയും എന്റെ മുന്നില്‍വെച്ച് വെടിവെച്ചു. എന്റെ മക്കളും കൂടെയുണ്ടായിരുന്നു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മക്കള്‍ 'അമ്മാ ലെറ്റ്‌സ് മൂവ്' എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്റെ തലയില്‍ ഒന്ന് കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കള്‍ കരഞ്ഞപ്പോള്‍ അയാള്‍ പോയി. എന്റെ അടുത്ത് വന്നയാള്‍ സൈനിക വേഷത്തില്‍ അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സിഗ്നല്‍ കിട്ടിയത്. തുടര്‍ന്ന് ഞാന്‍ എന്റെ കശ്മീരി ഡ്രൈവര്‍ മുസാഫിറിനെ ഫോണില്‍ വിളിച്ചു. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്.

പ്രദേശവാസികള്‍ എല്ലാവരെയും സഹായിച്ചു. അവിടുത്തെ സര്‍ക്കാരായാലും കേരള സര്‍ക്കാരായാലും കേന്ദ്രസര്‍ക്കാരായാലും വലിയ പിന്തുണ നല്‍കി. അവിടുത്തെ പ്രദേശവാസികള്‍ വലിയ സഹായം ആയിരുന്നു. താമസം ഒരുക്കി. പണമൊന്നും വാങ്ങിയില്ല. പാവം കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും അനിയത്തിയെപ്പോലെ കൊണ്ടുനടന്നത്. എനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ ഞാന്‍ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്ന് ആശംസിച്ചാണ് പിരിഞ്ഞത്', ആരതി സംഭവിച്ചത് വിശദീകരിച്ചു.

Content Highlights: pahalgam attack kochi native arathi explaining what happened there

To advertise here,contact us