എന്‍ രാമചന്ദ്രന് വിട നല്‍കാന്‍ നാട്; സംസ്‌കാരം ഇന്ന് ഉച്ചയോടെ

ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എന്‍ രാമചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. ചങ്ങമ്പുഴ പാര്‍ക്കിനോട് സമീപത്തുള്ള ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ 7 ന് ആരംഭിച്ച പൊതുദര്‍ശനം 9 വരെ നീളും. ജില്ലാ കളക്ടര്‍, ഹൈബി ഈഡന്‍ എംപി, മന്ത്രി പി രാജീവ് അടക്കം നിരവധി പ്രമുഖര്‍ ചങ്ങമ്പുഴ പാര്‍ക്കിലെത്തി രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിച്ചു. ചങ്ങമ്പുഴ പാര്‍ക്കിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 12 മണിയോടെയാണ് സംസ്‌കാര ചടങ്ങുകകള്‍ നടക്കുക.

നാട് മുഴുവന്‍ രാമചന്ദ്രന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുകയാണെന്നും ലോകത്തെ തന്നെ നടക്കിയ സംഭവത്തില്‍ ഒരു മലയാളിയുണ്ടെന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. രാമചന്ദ്രന്റെ മകളുടെ വാക്കുകൾ രാജ്യത്തിനുള്ള സന്ദേശമാണ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ഉയർത്തിപ്പിടിക്കുന്നതാണ് വാക്കുകൾ. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും എംപി പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഉറ്റവരുടെ മുന്നില്‍വെച്ചാണ് പലര്‍ക്കും വെടിയറ്റത്. കശ്മീരി ജനതയുടെ മാനവികതയുടെ നിലപാടാണ് രാമചന്ദ്രന്റെ മകള്‍ പറഞ്ഞത്. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പി രാജീവ് പറഞ്ഞു.

ഭാര്യയ്ക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കശ്മീരിലേക്ക് യാത്രപോയ രാമചന്ദ്രന്‍ മകളുടെ കണ്‍മുന്നില്‍വെച്ചാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മകള്‍ ആരതിക്കുനേരെ ഭീകരര്‍ തോക്കുചൂണ്ടിയെങ്കിലും വെറുതെവിട്ടു. പഹല്‍ഗാമിലെ ബൈസരണ്‍വാലിയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ലഷ്‌കര്‍ നേതാവ് സെയ്ഫുളള കസൂരിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.

Content Highlights: pahalgam attack N ramachandran funeral today

To advertise here,contact us