തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയില് സിബിഐ കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറി സെക്രട്ടറി കെഎം എബ്രഹാമിന് പിന്തുണയുമായി സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്. കെഎം എബ്രഹാമിനെതിരെ ഇപ്പോള് ഉയര്ന്നിരിക്കുന്നത് ആരോപണം മാത്രമാണെന്നും ആരോപണത്തിന്റെ പേരില് ഒരാളെ കുറ്റക്കാരനാണെന്ന് പറയാന് കഴിയില്ലെന്നും ഇപി ജയരാജന് പറഞ്ഞു. വ്യക്തികളല്ല, സര്ക്കാരാണ് തീരുമാനങ്ങളെടുക്കുന്നതെന്നും രാജി വയ്ക്കേണ്ടതുണ്ടോ എന്ന് സര്ക്കാര് വിശദമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്ക്കാര് ശരി മാത്രമേ ചെയ്യുകയുളളുവെന്നും ഇപി ജയരാജന് കൂട്ടിച്ചേര്ത്തു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില് മുഖ്യമന്ത്രിയുടെ മുന് ചീഫ് സെക്രട്ടറി കൂടിയായ കെഎം എബ്രഹാമിനെതിരെ സിബിഐ കേസ് രജിസ്റ്റര് ചെയ്തത്. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. പൊതുപ്രവര്ത്തകനായ ജോമോന് പുത്തന്പുരയ്ക്കല് നല്കിയ ഹര്ജിയിലാണ് നടപടി. 2015-ല് ധനകാര്യ അഡീഷണല് ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും ആഢംബര ഫ്ളാറ്റുകളും കൊല്ലത്ത് ഷോപ്പിംഗ് മാളുമുണ്ട്. ഈ സ്വത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാണ് പരാതിയില് പറയുന്നത്.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ കെഎം എബ്രഹാം അപ്പീല് സമര്പ്പിച്ചിരുന്നു. സര്ക്കാര് പിന്തുണയോടെയാണ് അപ്പീല് സമര്പ്പിച്ചതെന്നാണ് വിവരം. പരാതിക്കാരനായ ജോമോനും മുന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസിനും തന്നോടുളള വൈരാഗ്യമാണ് ഇതിനൊക്കെ കാരണം എന്നാണ് കെഎം എബ്രഹാമിന്റെ പ്രതികരണം.
പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സിബിഐക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ടായിരുന്നു.
Content Highlights: ep jayarajan support km abraham on illegal wealth acquisition allegation case