അൻവറിന്റെ വഴി 'സേഫ്'; യുഡിഎഫ് ഘടകക്ഷികളുടെ പിന്തുണ ഉറപ്പാക്കി, മുന്നണിപ്രവേശനത്തിൽ ശുഭപ്രതീക്ഷ

ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തൃണമൂൽ കോൺഗ്രസ് യുഡിഎഫിന്റെ ഭാഗമാകും എന്നാണ് അൻവറിന്റെ പ്രതീക്ഷ

തിരുവനന്തപുരം: പി വി അൻവറിന്‍റെ യുഡിഎഫ് മുന്നണിപ്രവേശനം ഉടൻ ഉണ്ടായേക്കും. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളെ കണ്ട അൻവർ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കി. ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺഗ്രസ് യുഡിഎഫിന്റെ ഭാഗമാകും എന്നാണ് അൻവറിന്റെ പ്രതീക്ഷ.

മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായാണ് അൻവർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ആർഎസ്പി -സിഎംപി നേതാക്കളുമായും ആശയവിനിമയം നടത്തി. ലീഗ് നേതാക്കളെ പാണക്കാട് എത്തിയാണ് അൻവർ കണ്ടത്. പി ജെ ജോസഫിനെ തൊടുപുഴയിലെത്തിയും കണ്ടു. കോൺഗ്രസിലെ എല്ലാ ഘടകകക്ഷികളും അൻവറിന് അനുകൂലമായ തീരുമാനം എടുക്കുമെന്ന് തന്നെയാണ് സൂചന. തൃണമൂലുമായി കേരളത്തില്‍ സഖ്യമാകാം എന്ന നിലപാട് ഹൈക്കമാന്റും സ്വീകരിച്ചതോടെ അൻവറിന്റെ യുഡിഎഫ് പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

കോൺഗ്രസ് നേതാക്കളെയുമായാണ് അൻവർ ആദ്യം യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് എല്ലാ രീതിയിലും അൻവറിന്റെ മുന്നണിപ്രവേശനത്തെ പിന്തുണയ്ക്കുന്നുവെന്ന സൂചന നൽകിയ സതീശൻ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കൂടി അന്തിമതീരുമാനം എടുക്കുമെന്നാണ് അറിയിച്ചത്.

തുടർന്ന് അൻവർ കഴിഞ്ഞ ദിവസം പണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടിരുന്നു. ചർച്ചകൾ അനുകൂലമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പി വി അൻവറിന്റെ പ്രതികരണം. യുഡിഎഫിലെ രണ്ടാം കക്ഷി എന്ന നിലയ്ക്കാണ് ലീഗ് നേതാക്കളെ കണ്ടത് എന്നും മറ്റ് ഘടകകക്ഷികളെയും കാണാൻ ശ്രമിക്കുന്നുണ്ട് എന്നും പി വി അൻവർ പറഞ്ഞിരുന്നു.

Content Highlights: PV Anvar udf entry finalised to some extent

To advertise here,contact us