'ജോലി ചെയ്യാതിരിക്കാൻ മുട്ടാപ്പോക്ക് ന്യായങ്ങൾ പറയരുത്'; ഉദ്യോഗസ്ഥർക്ക് താക്കീതുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ

അനുസരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: എംവിഡി ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിൽ താക്കീതുമായി ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു. ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ഫേഷ്യൽ അറ്റൻ്റൻസ് നിർബന്ധമാണെന്നും ഇത് അനുസരിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സിഎച്ച് നാഗരാജു മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർ അറ്റൻ്റൻസ് കൃത്യമായി പാലിക്കുന്നില്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ നടപടി.

എന്നാൽ ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഈ പുതിയ ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ രംഗത്തെത്തി. ഉത്തരവുകൾ പ്രായോഗികമല്ലെന്നും തങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ആദ്യം ശരിയാക്കണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതൊന്നുമില്ലാതെയാണ് ട്രാൻസ്പോർട്ട് കമ്മീഷ്ണർ വീണ്ടും ഉത്തരവുകൾ ഇറക്കുന്നതെന്നും അവർ പറഞ്ഞു.

അതേസമയം ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നോട് തുറന്ന് പറയേണ്ടത് ആണെന്നും ഇത്തരത്തിൽ ജോലി ചെയ്യാതിരിക്കാൻ മുട്ടാപ്പോക്ക് ന്യായങ്ങൾ പറയരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷ്ണർ വ്യക്തമാക്കി. പണിയെടുക്കാതെ ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ ജോലി ചെയ്യുന്നവരാണെങ്കിൽ കൃത്യമായി അറ്റന്റൻസ് ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

Content Highlights:Transport Commissioner orders facial attendance mandatory for MVD officials

To advertise here,contact us