കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിഎംആർഎല്ലിന് താൻ സേവനം നൽകിയിട്ടില്ലെന്ന് വീണ ടി മൊഴി നൽകിയതായി എസ്എഫ്ഐഒ. ചെന്നൈ ഓഫീസിൽ വെച്ചുള്ള ചോദ്യം ചെയ്യലിലാണ് വീണ ഇത്തരത്തിൽ മൊഴി നൽകിയത്. എസ്എഫ്ഐഒ കുറ്റപത്രത്തിലെ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ ഉദ്യോഗസ്ഥർ മൊഴി നൽകിയതായും എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ട്.
വായ്പാത്തുക വക മാറ്റി മുഖ്യമന്ത്രിയുടെ മകള് വീണ ടി ക്രമക്കേട് കാട്ടിയെന്ന് കുറ്റപത്രത്തിൽ ചൂണ്ടികാട്ടുന്നുണ്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്ന് വീണ വായ്പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരിച്ചടച്ചത് സിഎംആർഎലിൽ നിന്ന്പ്രതിമാസം കിട്ടിയ പണം ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ വായ്പയെടുത്തത് വാങ്ങിയത്. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.
സിഎംആർഎൽ നിന്ന് വീണയ്ക്കും എക്സാലോജിക്കിനും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആർഎല്ലിൽ നിന്ന് കിട്ടിയ ഈ പണം എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിലെ ലോൺ തുക തിരികെ അടയ്ക്കാൻ വീണ ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
Content Highlights: Veena Vijayan says no work done to CMRL