കൊച്ചി: ഛായാഗ്രഹകന് സമീര് താഹിറിനെ ചോദ്യം ചെയ്യാന് എക്സൈസ്. സമീറിന്റെ ഫ്ളാറ്റില് നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഉടന് നോട്ടീസ് നല്കി വിളിപ്പിക്കും. ലഹരിക്കേസില് സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവര് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നടപടി. സമീര് താഹിറിന്റെ ഫ്ളാറ്റില്വെച്ചായിരുന്നു ഇവരെ പിടികൂടിയത്. കൂടുതല് ചലച്ചിത്ര പ്രവര്ത്തകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കും.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടുമ്പോള് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.
ഇവര് പലതവണയായി സമീര് താഹിറിന്റെ ഫ്ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്സൈസ് സംഘം പറയുന്നത്. സുഹൃത്ത് ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കള് വഴി ഇവര്ക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. പുലര്ച്ചെ രണ്ടുമണിയോടെയാണ് ഫ്ളാറ്റില് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്. ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്വെളളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്. സുലൈഖ മന്സില്, ഭീമന്റെ വഴി, തമാശ എന്നിവയാണ് അഷ്റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്.
Content Highlights: Excise to question cinematographer Sameer Tahir