അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു; കസ്റ്റഡിയിലെടുക്കുമ്പോൾ മദ്യലഹരിയിൽ

കസ്റ്റഡിയിലെടുക്കുമ്പോഴും സുരേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

ഇടുക്കി: ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് ഭാര്യ നവീനയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷ് മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കിയതാണ് എന്നാണ് സംശയിക്കുന്നത്. സുരേഷിനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുക്കുമ്പോഴും സുരേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത് സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ കണ്ടത്. പരിക്കുപറ്റിയ സ്ത്രീ റോഡിന് മുകളില്‍ വന്ന് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉപ്പുതറ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസിന്റെ നേതൃത്വത്തില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് പോയി എന്നതിനൊപ്പം അപകടം ഇയാള്‍ തന്നെ സൃഷ്ടിച്ചതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഭാര്യയും അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നിട്ടും അവരെ ഉപേക്ഷിക്കുകയും അപകട വിവരം പുറത്തുപറയാതിരിക്കുകയും ചെയ്തത് എന്തുകൊണ്ടാണ് എന്നാണ് പൊലീസിന്റെ സംശയം. ഇവര്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളേ ആയിട്ടുളളുവെന്നും വിവരമുണ്ട്. കുടുംബവഴക്കുകളോ മറ്റോ ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

Content Highlights: husband flees leaving wife in car which met with accident

To advertise here,contact us