കൊച്ചി: തൃപ്പൂണിത്തുറയില് നവജാത ശിശുവിനെ അനധികൃതമായി കൈമാറിയ സംഭവത്തില് അമ്മയ്ക്കെതിരെ കേസ്. പ്രസവിച്ച് ദിവസങ്ങള് കഴിയുന്നതിന് മുമ്പ് തന്നെ ബന്ധു മുഖാന്തിരം കൊയമ്പത്തൂര് സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ആരോഗ്യപ്രവര്ത്തകര് വഴിയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്ന്ന് പൊലീസ് പ്രാഥമിക അന്വേഷണം നടത്തി അമ്മയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
എന്നാല് കുട്ടിയെ നല്കിയത് പണം വാങ്ങിച്ചിട്ടല്ലെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാളെ തന്നെ കുട്ടിയെ തിരികെ എത്തിക്കാന് പൊലീസ് നിര്ദേശം നല്കിയിട്ടുണ്ട്. 15ാം തീയതിയാണ് യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില് കുഞ്ഞിനെ പ്രസവിച്ചത്. 19ന് നവജാത ശിശുവായ ആണ്കുട്ടിയെ അനധികൃതമായി മറ്റൊരാള്ക്ക് കൈമാറുകയായിരുന്നു.
തുടര്ന്ന് കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവര്ത്തകര് കുട്ടി അമ്മയോടൊപ്പം ഇല്ലെന്ന കാര്യം മനസിലാക്കുകയായിരുന്നു. പിന്നാലെ ആരോഗ്യപ്രവര്ത്തകര് ഇക്കാര്യം പൊലീസിനെ അറിയിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ യുവതി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു.
തുടര്ന്ന് യുവതി ഗര്ഭിണിയായെങ്കിലും മാസങ്ങള്ക്ക് ശേഷം ഇരുവരും വേര്പിരിഞ്ഞു. ഇതോടെ തിരികെ ഭര്ത്താവിന്റെ അരികിലേക്ക് എത്തിയ യുവതിയെ കുടുംബം സ്വീകരിച്ചെങ്കിലും പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രസവ ശേഷം ബന്ധു മുഖാന്തിരം കൊയമ്പത്തൂര് സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയതെന്നാണ് വിവരം. എന്നാല് നിര്ധന കുടുംബമാണെന്നും ഭര്ത്താവ് കാര്യങ്ങള് നോക്കാത്തതിനാല് അകന്ന ബന്ധുവിനാണ് കുട്ടിയെ കൈമാറിയതെന്നുമാണ് കുഞ്ഞിന്റെ അമ്മ പൊലീസിനോട് വ്യക്തമാക്കിയത്.
Content Highlights: illegal handover of newborn baby in Tripunithura; Police register case against mother