കാസർകോട്: ഉറങ്ങിക്കിടന്ന മാതാവിനെ മകൻ കുത്തി പരിക്കേല്പ്പിച്ചു. മാതാവ് തന്നെ മാനസികരോഗിയായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കാസർകോട് ഉപ്പള മണിമുണ്ടയിലാണ് സംഭവം. ഷമീം ബാനുവിനെയാണ് മകനായ മുഹ്സിന് കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്. ഇന്ന് പുലര്ച്ചെ മൂന്നിനായിരുന്നു സംഭവം. മകന് മുഹ്സിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഷമീമിൻ്റെ മുഖത്തും കഴുത്തിലും കൈയ്ക്കും കുത്തേറ്റു. ഇതിൽ ഷമീമിൻ്റെ മുഖത്ത് ഏറ്റ മുറിവ് ഗുരുതരമായതിനാല് കണ്ണൂര് മെഡിക്കല് കോളേജില് വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.
മുൻപ് ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയില് കൊണ്ട് പോകാന് ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷമാണ് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാന് ശ്രമിച്ചു എന്ന് ആരോപിച്ച് മുഹ്സിൻ ആക്രമണം നടത്തിയത്. പ്രതിയുടെ പ്രവൃത്തിക്ക് കാരണം ലഹരിയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാല് മാതാവിനെ ആക്രമിച്ച സമയത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 34 വയസുകാരനായ മുഹ്സിന് ഡ്രൈവറാണ്.
Content Highlights- 'Portraying himself as mentally ill', son stabs mother in Kasaragod, seriously injured