കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില് മോഡല് സൗമ്യയുടെ അറസ്റ്റ് ഇന്ന് ഉണ്ടാകില്ല. ചോദ്യം ചെയ്ത് വിട്ടയ്ക്കാനാണ് എക്സൈസിൻ്റെ തീരുമാനം. പിന്നീട് വീണ്ടും സൗമ്യയെ ചോദ്യം ചെയ്യും. നിലവിൽ ഇടപാടിന്റെ കൂടുതല് തെളിവുകള് എക്സൈസിന് ലഭിച്ചിട്ടുണ്ട്. തസ്ലീമയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള് പ്രധാന തെളിവായി ലഭിച്ചിട്ടുണ്ട്.
സൗമ്യയുമായുള്ള എക്സൈസിന്റെ ചോദ്യം ചെയ്യല് ആറ് മണിക്കൂര് പിന്നിട്ടിരിക്കുകയാണ്. ഇതിനിടയില് നടന് ഷൈന് ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൗണ്ട് ട്രാന്സാക്ഷന് വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ആറ് വര്ഷമായി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയെ അറിയാമെന്നും സൗമ്യ മൊഴി നല്കിയിട്ടുണ്ട്.
എന്നാല് ഇവരുമായി ലഹരി ഇടപാടുകള് ഇല്ലെന്നാണ് സൗമ്യ നല്കിയ മൊഴി. ഈ മൊഴി എക്സൈസ് വിശ്വാസത്തില് എടുത്തിട്ടില്ല. കേസില് ഷൈന് ടോം ചാക്കോയെയും എക്സൈസ് ഇന്ന് ചോദ്യം ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് ഷൈന് ടോം ചാക്കോ നല്കിയ മൊഴി. മെത്താംഫിറ്റമിന് ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈന് എക്സൈസിനോട് പറഞ്ഞു. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷന് സെന്ററില് ആണ് താനെന്നും ഷൈന് പറഞ്ഞു.
തസ്ലീമ സുല്ത്താന, ഭര്ത്താവ് സുല്ത്താന് എന്നിവരാണ് കേസിലെ പ്രധാന പ്രതികള്. ആലപ്പുഴയില് നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന് ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്കിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.
Content Highlights: Excise will arrest Model Soumya in Alappuzha cannabis case