'കൊലപാതകം നടക്കുമ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു, ചെന്നൈയില്‍ അലഞ്ഞ് നടക്കുകയായിരുന്നു';

ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊല കേസിന്റെ വിധി മേയ് ആറിന് പ്രഖ്യാപിക്കും. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേദല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി.

2017 ഏപ്രില്‍ എട്ടിനാണ് കൂട്ടക്കൊല നടന്നത്. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.

മൂന്ന് മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും ഒരെണ്ണം കിടക്കവിരിയില്‍ പൊരിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റിലായത്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് കേദല്‍ കോടതിയില്‍ വാദിച്ചത്. കൊലപാതകം നടന്നപ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ആ സമയം ചെന്നൈയില്‍ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും കേദല്‍ വാദിച്ചു.

എന്നാല്‍ ഈ വാദത്തിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

Content Highlights: The verdict in the Nandancode massacre case will be announced on May 6th

To advertise here,contact us