തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി - പട്ടികവർഗ പ്രത്യേക കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷ വിധിക്കുക.
പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. എന്നാൽ, കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. 11 പ്രതികളിൽ ആറാം പ്രതിയായ രഞ്ജിത്ത് ജാമ്യത്തിലായിരുന്നു. ഓട്ടോ ഡ്രൈവർ കൂടിയായ രഞ്ജിത്തിനെ ഇന്ന് കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തത് രഞ്ജിത്തിന്റെ ഓട്ടോയിൽ നിന്നുമാണ്.
സാക്ഷികളെ പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോഴും കേസിന് വഴിത്തിരിവായത് തൊണ്ടിമുതലും സിസിടിവി ദൃശ്യങ്ങളുമാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ്റെ പ്രതീക്ഷ. പോത്തൻകോട് ഇൻസ്പെക്ടർ ആയിരുന്നു ശ്യാം നെടുമങ്ങാട് ഡിവൈഎസ്പി ആയിരുന്ന എം കെ സുൽഫിക്കർ എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരി ഹാജരായി. കേസ് തെളിയിക്കാൻ സാധിച്ചത് അന്വേഷണത്തിനിടെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ബാലുവിനുള്ള ട്രിബ്യൂട്ട് കൂടിയെന്ന് അന്വേഷണസംഘം പറഞ്ഞു.
നാളെയാണ് ശിക്ഷ വിധിക്കുക. 2021 ഡിസംബർ 11നാണ് മംഗലാപുരം സ്വദേശി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിൽ ഉണ്ടായത്.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തുടർന്ന് വെട്ടിമാറ്റിയ കാലുമായി അക്രമിസംഘം ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
Content Highlights: all found guilty at sudheesh death case