വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം

സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു

മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന് പൊലീസ് സേനയില്‍ സ്ഥാനക്കയറ്റം. വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് പൊലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ മലപ്പുറത്ത് എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഐ എം വിജയന്‍. ഇപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡന്റന്റായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നാലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചിരിക്കുന്നത്.

ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. എന്നാൽ ഈ തസ്തികയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാള്‍ ദിനത്തിലാണ് പൊലീസ് ഐ എം വിജയന്റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. എംഎസ്പിയില്‍ നിന്ന് വിരമിക്കാനായത് തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണെന്നായിരുന്നു അന്ന് ഐ എം വിജയന്‍ പറഞ്ഞത്.

1987ലാണ് ഐ എം വിജയന്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനിലേക്ക് കളിക്കാന്‍ പോയെങ്കിലും 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഐ എം വിജയന്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

2000-2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായും ചുമതലയേറ്റ വിജയന്‍ 2006ലാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിടവാങ്ങിയത്. എഎസ്ഐ ആയി തിരികെ പൊലീസില്‍ പ്രവേശിക്കുകയും ചെയ്തു. 2021ല്‍ എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2002ല്‍ അര്‍ജുനയും 2025ല്‍ പത്മശ്രീയും നല്‍കി ഐ എം വിജയനെ രാജ്യം ആദരിച്ചു.

Content Highlights: I M Vijayan get promotion before one day to retired

To advertise here,contact us