ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയോട് തനിക്കുള്ളത് വെറും പരിചയം മാത്രമെന്ന് ബിഗ് ബോസ് താരം ജിൻ്റോ. തസ്ലീമയെ എല്ലാവരെയും പോലെ തനിക്കും അറിയാം. വെറും പരിചയം മാത്രമാണുള്ളത്. തസ്ലീമ കയ്യും കാലും പിടിച്ചപ്പോൾ പണം കൊടുത്തിട്ടുണ്ട്. അച്ഛൻ മരിച്ചെന്ന് പറഞ്ഞ് തസ്ലീമ തൻ്റെ കയ്യിൽ നിന്ന് ആയിരം രൂപ വാങ്ങിയിട്ടുണ്ടെന്നും ജിൻ്റോ പറഞ്ഞു. 'ജീവിക്കാൻ ആഗ്രഹമുണ്ട്.ഒരുപാട് സ്വപ്നങ്ങളുണ്ട്. എനിക്ക് വ്യാജ ഇമേജ് കൊടുക്കരുത്. എന്നെ അറസ്റ്റ് ചെയ്തുവെന്ന് വരെ പലരും പറഞ്ഞൂ. ഞാൻ നിയമപരമായി നേരിടും. ഞാൻ ഓടി ഒളിച്ചിട്ടില്ല, ഒളിക്കുകയുമില്ല' ജിൻ്റോ പറഞ്ഞു.
അതേ സമയം, തസ്ലീമ പ്രതിയായ ലഹരി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായ മോഡൽ സൗമ്യയെ തനിക്ക് അറിയാമെന്ന് ജിൻ്റോ സമ്മതിച്ചു. മോഡൽ എന്ന നിലയിൽ അറിയാമെങ്കിലും ഇവരുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഇല്ലായെന്ന് ജിൻ്റോ വ്യക്തമാക്കി.
കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെ കഴിഞ്ഞ ദിവസം എക്സൈസ് ചോദ്യം ചെയ്തിരുന്നു. പ്രൊഡക്ഷൻകൺട്രോളർ ജോഷിയെയും ജിൻ്റോയെയും ഇന്നാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായുള്ള ബന്ധമെന്താണെന്നാണ് എക്സൈസ് ചോദിച്ചതെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
താരങ്ങളുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുൽത്താനയും സുഹൃത്തായിരുന്നുവെന്നും സൗമ്യ പ്രതികരിച്ചു. എന്നാൽ തസ്ലീമയുമായി ഉള്ളത് പരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും സൗമ്യ പറഞ്ഞിരുന്നു.
അതേസമയം സൗമ്യയുടെ ലഹരി ഇടപാടിന്റെ തെളിവുകൾ ലഭിച്ചെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തസ്ലീമയുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ പ്രധാന തെളിവായി ലഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. നടൻ ഷൈൻ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് സൗമ്യ സ്ഥിരീകരിച്ചെന്നും അക്കൗണ്ട് ട്രാൻസാക്ഷൻ വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.
എന്നാൽ തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്ന് സൗമ്യ നൽകിയ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ ടോം ചാക്കോ നൽകിയ മൊഴി. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈൻ എക്സൈസിനോട് പറഞ്ഞിരുന്നു. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷൻ സെന്ററിൽ ആണ് താനെന്നും ഷൈൻ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
കേസിൽ തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ എന്നിവരാണ് പ്രധാന പ്രതികൾ. ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നൽകിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.
Content Highlights- 'I want to live, don't give a fake image'; Bigg Boss star Jintro in hybrid cannabis case