കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലം എംഡിഎംഎ കേസിലെ പ്രധാനപ്രതി പിടിയിൽ. നോയിഡയിൽ നിന്നാണ് പ്രതി നൈജീരിയൻ പൗരനായ ഫാർമസിസ്റ്റ് ഫ്രാങ്ക് ചിക്സിയയെ കുന്ദമംഗലം പൊലീസ് പിടികൂടിയത്. 2025 ജനുവരി 21-നാണ് കേസിന് ആസ്പദമായ സംഭവം. കുന്ദമംഗലത്തെ ലോഡ്ജിൽ നിന്നും 227 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിൽ മുസമിൽ, അഭിനവ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.
മുഹമ്മദ് ഷമീൽ എന്നയാളാണ് എംഡിഎംഎ എത്തിച്ച് നൽകിയതെന്നായിരുന്നു പിടികൂടിയ പ്രതികൾ നൽകിയ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരിൽ നിന്ന് മുഹമ്മദ് ഷമീലിനെയും പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടാൻസാനിയൻ പൗരൻമാരായ ഡേവിഡ് എൻഡമിയേയും ഹക്ക ഹറൂണയേയും പീന്നീട് പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഇവരെ വിശദമായി ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്ക് ചിക്സിയ പിടിയിലാകുന്നത്. ഫ്രാങ്കിന്റെ കൈയ്യിൽ നിന്നും ഏഴ് സിം കാർഡുകൾ, നാല് മൊബൈൽ ഫോണുകൾ, മൂന്ന് എടിഎം കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. 32 മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നത്. നോയിഡയിൽ എംഡിഎംഎ കുക്കിങ് ഏരിയ ഉണ്ടെന്നാണ് വിവരം. പ്രതിക്ക് കുക്കിങ് ബന്ധം ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
content highlights : Kundamangalam MDMA case; Police arrest accused from Noida