നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം;തനിക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന് സാന്ദ്ര

സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് പോരാട്ടമെന്നും പ്രതികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സാന്ദ്രാ തോമസ്

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. അന്തിമ വിജയം തനിക്കൊപ്പമായിരിക്കുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് പോരാട്ടമെന്നും പ്രതികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയിലെ ലഹരിയെക്കുറിച്ചും സാന്ദ്ര പ്രതികരിച്ചു. 'സിനിമാ സെറ്റുകളില്‍ ലഹരി ഒഴുകുന്നത് പതിവാണ്. ലഹരി ഉപയോഗം അറിഞ്ഞില്ലെന്ന സംഘടനകളുടെ വാദം തെറ്റാണ്. പല യോഗങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്', സാന്ദ്ര പറഞ്ഞു.

തന്റെ സെറ്റുകളിലും ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടെന്നും സാന്ദ്ര തുറന്നു പറഞ്ഞു. ഇത് സംഘടനാ തലത്തിലടക്കം പരാതിയായി ഉന്നയിച്ചിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. എന്നാല്‍ നടപടികള്‍ ഉണ്ടായില്ലെന്നും സാന്ദ്ര പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായാണ് ലഹരി ഉപയോഗം വര്‍ധിച്ചത്.വേട്ടക്കാര്‍ ഐസി കമ്മറ്റിയില്‍ ഇപ്പോഴും തുടരുന്നുവെന്നും ഇത് ഇരകള്‍ക്ക് നീതി ലഭ്യമാകുന്നത് തടയുമെന്നും സാന്ദ്ര പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് സാന്ദ്രാ തോമസ് നല്‍കിയ പരാതി കേസിലാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. 2024 ജൂണിലായിരുന്നു സംഭവം. കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ആന്റോ ജോസഫ് ഒന്നാം പ്രതിയും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായുമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Content Highlights: Happy to see chargesheet filed against producers Sandra says she has been given an undeclared ban

To advertise here,contact us