'രാസലഹരി ഉപയോഗിക്കാറില്ല'; കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് വേടന്‍

എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു

കൊച്ചി: താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്ന് പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു. ഇത് എല്ലാവര്‍ക്കുമറിയാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയില്‍ വേടനെ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് 3ല്‍ വേടനെ ഹാജരാക്കി. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്‌ളാറ്റിലും പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.

വേടന്റെ പക്കല്‍ നിന്ന് പുലിപ്പല്ല് പിടികൂടിയ സംഭവത്തില്‍ കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തത വേണമെന്ന് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ അഥീഷ് പ്രതികരിച്ചു. വേടന് പുലിപ്പല്ല് നല്‍കിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമ്മാനമായി ലഭിക്കുമ്പോള്‍ ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് വേടന് അറിയില്ലെന്നും അഥീഷ് കൂട്ടിച്ചേര്‍ത്തു. പ്രാഥമിക പരിശോധനയില്‍ യഥാര്‍ത്ഥ പുലിപ്പല്ലാണിതെന്ന് വനംവകുപ്പിന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. റിമാന്‍ഡിന് ശേഷം വേടനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെയാണ് വേടന്റെ കൈവശം പുലിപ്പല്ലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചയുടനേ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: Raper Vedan says he doesnt know that tiger tooth is real

To advertise here,contact us