'പിരിച്ചുവിടുമെന്ന് ഭീഷണി, ശമ്പളക്കുടിശ്ശിക തന്നില്ലെങ്കില് ആത്മഹത്യ'; ബൈജൂസ് ആപ്പ് ജീവനക്കാരി

രാജിവെച്ചില്ലെങ്കില് ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ന്യൂഡൽഹി: തന്നെ ജോലിയില് നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ബൈജൂസ് ആപ്പ് ജീവനക്കാരി. ലിങ്ക്ഡ്ഇനില് പങ്കുവെച്ച വീഡിയോയിലാണ് അക്കാദമിക് സ്പെഷ്യലിസ്റ്റായ അകാന്ഷ ഖേംക ദുരിത ജീവിതം വിവരിച്ചത്. ഇതോടെ വീഡിയോ വൈറലായി. രാജിവെച്ചില്ലെങ്കില് ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

കുടുംബത്തില് വരുമാനമുള്ള ഏക വ്യക്തി താനാണെന്നും തനിക്ക് നല്കാനുള്ള ശമ്പളക്കുടിശ്ശിക തന്നില്ലെങ്കില് ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവര് പറഞ്ഞു. സര്ക്കാരില് നിന്ന് തനിക്ക് പിന്തുണ വേണമെന്നും ആകാന്ഷ വീഡിയോയില് ആവശ്യപ്പെട്ടു. ഈ നിര്ണായക സമയത്ത് തനിക്ക് സഹായം ആവശ്യമുണ്ടെന്നും നീതി ലഭ്യമാക്കണമെന്നും അവര് ആവശ്യപ്പെട്ടു. ഇതിനൊരു പരിഹാരമായില്ലെങ്കില് താന് ആത്മഹത്യ ചെയ്യുമെന്നും യുവതി വീഡിയോയിലൂടെ പറഞ്ഞു.

വരുമാനം പെരുപ്പിച്ചുകാണിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ ബൈജൂസ് ലേണിംഗ് ആപ്പ് ചെലുവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് പുറത്താക്കിയത്. ബെംഗളൂരുവിലെ വൻകിട കെട്ടിട സമുച്ചയങ്ങളിലെ ഓഫീസുകളും ബൈജൂസ് ഒഴിഞ്ഞുതുടങ്ങി. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാർക്കിലെ ഓഫീസ് സ്പേസ് ദിവസങ്ങൾക്ക് മുൻപ് ഒഴിഞ്ഞിരുന്നു. ഓഫീസിലെ ജോലിക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വീട്ടിലിരുന്ന് ജോലി ചെയ്യാനോ ആണ് കമ്പനി ആവശ്യപ്പെട്ടത്.

കോവിഡ് അവസാനിച്ച് സ്കൂളുകൾ തുറന്ന് ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രസക്തി കുറഞ്ഞതോടെയാണ് ബൈജൂസ് കുടുങ്ങിയത്. ഇതിനിടെ ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ച് കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. വിദേശ പണമിടപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ എൻ്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് കൂടിയായതോടെ കമ്പനിയുടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.

To advertise here,contact us