രാജസ്ഥാൻ കോൺഗ്രസിൽ പോര് മുറുകുന്നു; ഗെഹ്ലോട്ടിന്റെ പ്രസ്താവനയില് അതൃപ്തിയുമായി സച്ചിൻ ക്യാമ്പ്

സംസ്ഥാനത്ത് എത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിൻ അതൃപ്തി അറിയിക്കും

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെഹ്ലോട്ട് - സച്ചിൻ പൈലറ്റ് പോര് മുറുകുന്നു. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവനയിൽ അതൃപ്തിയുമായി സച്ചിൻ ക്യാമ്പ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിൻ അതൃപ്തി അറിയിക്കും. സ്ഥാനാർത്ഥി നിർണയ ചർച്ചകളെയും ഗെഹ്ലോട്ടിന്റെ മുഖ്യമന്ത്രി പ്രസ്താവന ബാധിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിപദത്തില് തുടരുമെന്ന സൂചന നൽകുന്ന പ്രസ്താവന നടത്തിയത്. പദവി ഒഴിയാന് ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം.

ഗെഹ്ലോട്ടിന്റെ വാക്കുകൾക്കെതിരെ സച്ചിൻ പൈലറ്റ് ക്യാമ്പ് ശക്തമായി രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. ആ കീഴ്വഴക്കമാണ് ഗെഹ്ലോട്ട് ലംഘിക്കുന്നത്. യുവാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്നും പൈലറ്റ് ക്യാമ്പ് അഭിപ്രായപ്പെട്ടു.

അതേസമയം രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. ദൗസയിൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സച്ചിൻ പൈലറ്റുമായി പ്രിയങ്ക ആശയ വിനിമയം നടത്തും. സംസ്ഥാനത്തെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകും.

രാജസ്ഥാൻ ബിജെപിയിലെ തർക്കങ്ങൾ പരിഹരിക്കാൻ തീവ്ര ശ്രമത്തിലാണ് ദേശീയ നേതൃത്വം. ഇന്നലെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ വസതിയിൽ അമിത് ഷാ അടക്കമുള്ള നേതാക്കൾ യോഗം ചേർന്നു. തെലങ്കാനയിലാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം.

ജഗ്തിയാലിൽ കർഷകരുമായി രാഹുൽ ആശയ വിനിമയം നടത്തും. മധ്യപ്രദേശിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 88 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

To advertise here,contact us