'പോസ്റ്ററുകൾ ഒട്ടിച്ച് ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ല'; രസകരമായ മറുപടിയുമായി അഖിലേഷ് യാദവ്

തിങ്കളാഴ്ചയാണ് അഖിലേഷ് യാദവിനെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചുകൊണ്ട് ലഖ്നൗവിലെ പാർട്ടി ഓഫീസിന് മുമ്പിൽ പോസ്റ്റർ ഉയർന്നത്

ലഖ്നൗ: പോസ്റ്ററുകൾ ഒട്ടിച്ച് ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ലെന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 'പോസ്റ്ററുകൾ ഒട്ടിച്ച് ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ല. ഏതെങ്കിലുമൊരു അനുഭാവി പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടെങ്കിൽ, അവന് എന്താണ് വേണ്ടതെന്ന് അവൻ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്' അഖിലേഷ് പറഞ്ഞു. സമാജ് വാദികളുടെ ലക്ഷ്യം ബിജെപിയെ തടയുക എന്നതാണെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാണിച്ചു. ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചുളള പോസ്റ്ററിനെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഖിലേഷ് യാദവ്.

തിങ്കളാഴ്ചയാണ് അഖിലേഷ് യാദവിനെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചുകൊണ്ട് ലഖ്നൗവിലെ പാർട്ടി ഓഫീസിന് മുമ്പിൽ പോസ്റ്റർ ഉയർന്നത്. പാർട്ടി വക്താവായ ഫഖ്റുൾ ഹസൻ ആണ് പോസ്റ്റർ ഒട്ടിച്ചത്. 'അഖിലേഷ് യാദവിന്റെ ജന്മദിനം ജൂലൈ ഒന്നിനാണ്. എന്നാൽ തങ്ങളുടെ നേതാവിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമാജ്വാദി പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മദിനം ഒന്നിലധികം തവണ ആഘോഷിക്കുന്നു,' എന്നായിരുന്നു പോസ്റ്റർ ഒട്ടിച്ചതിനോടുളള ഫഖ്റുൾ ഹസന്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിലുളള സീറ്റ് തർക്കം മൂർച്ഛിച്ച സാഹചര്യത്തിലാണ് അഖിലേഷിനെ പ്രധാനമന്ത്രിയാക്കിയുളള പോസ്റ്റർ ഉയർന്നത്. സീറ്റ് വിഭജന തർക്കം പരിഹരിക്കാൻ ഇരുപാർട്ടികൾക്കുമായിട്ടില്ല. നവംബർ 17ന് ആണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ ദിവസം 'ഇൻഡ്യ' സഖ്യം എന്നതിനു പകരം 'പിഡിഎ' എന്നെഴുതി അഖിലേഷ് യാദവ് എക്സിൽ പങ്കുവച്ച പോസ്റ്റ് രാഷ്ട്രീയവൃത്തങ്ങളില് ചര്ച്ചയായിരുന്നു. പാര്ട്ടി പ്രവര്ത്തകന്റെ മുതുകിൽ ചുവപ്പും പച്ചയും നിറമടിച്ച് 'പിഡിഎ' അഖിലേഷിന് വിജയമൊരുക്കും എന്ന് എഴുതിയതിന്റെ ചിത്രമാണ് അഖിലേഷ് പങ്കുവച്ചത്. പിച്ചഡെ (പിന്നാക്ക), ദളിത്, അല്പശങ്ക്യാസ് (ന്യൂനപക്ഷം) എന്നതിന്റെ ചുരുക്കെഴുത്താണ് പിഡിഎ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്ഡിഎ സഖ്യത്തെ പിഡിഎ പരാജയപ്പെടുത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

#WATCH | Dehradun, Uttarakhand: On a poster of Samajwadi Party chief Akhilesh Yadav symbolizing as 'Future PM', he says "...No one is going to become the Prime Minister just by putting posters. If any supporter has put up a poster, he is expressing what he wants. The goal of… pic.twitter.com/zuBoTCtsMF

മധ്യപ്രദേശില് ഇൻഡ്യ സഖ്യത്തിനു മത്സരിക്കാന് കോണ്ഗ്രസ് സീറ്റ് അനുവദിക്കാതിരുന്നതോടെയാണ് സമാജ്വാദി പാര്ട്ടി-കോണ്ഗ്രസ് ബന്ധം വഷളായത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി കോണ്ഗ്രസിനെ രൂക്ഷമായി വിമര്ശിച്ച് വരികയാണ് അഖിലേഷ് യാദവ്. കോൺഗ്രസ് വഞ്ചിച്ചുവെന്നും സംസ്ഥാനതലത്തിൽ പ്രതിപക്ഷ ‘ഇൻഡ്യ’ മുന്നണി സഖ്യമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ചർച്ചയ്ക്കുപോലും ആളെ നിയോഗിക്കില്ലായിരുന്നെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

To advertise here,contact us