എല്ലാ കുട്ടികള്ക്കും ലൈംഗിക അതിക്രമത്തില് നിന്ന് സംരക്ഷണം; അറിയാം പോക്സോ നിയമത്തെക്കുറിച്ച്

കുറ്റവാളികള്ക്ക് മതിയായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് പ്രത്യേക നിയമമായ പോക്സോ നിയമം

2012 നവംബര് 14നാണ് കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമം അഥവാ പോക്സോ നിയമം രാജ്യത്ത് നിലവില് വന്നത്. 1992ലെ ഐക്യരാഷ്ട്രസഭാ കണ്വെന്ഷന് അംഗീകരിച്ച ബാലാവകാശങ്ങള് സംബന്ധിച്ച ഉടമ്പടിയുടെ ഭാഗമായാണ് പോക്സോ നിയമം നടപ്പാക്കിയത്. കുട്ടികള്ക്കെതിരായ ലൈംഗിക ചൂഷണവും ലൈംഗിക അതിക്രമങ്ങളും തടയുകയെന്നതാണ് പോക്സോ നിയമത്തിന്റെ ഉദ്ദേശം. കുറ്റവാളികള്ക്ക് മതിയായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് പ്രത്യേക നിയമമായ പോക്സോ നിയമം.

കുട്ടികളെന്നാല് 18 വയസിന് താഴെയുള്ളവര്. കുട്ടികളെ പോക്സോ നിയമത്തില് ഇങ്ങനെ നിര്വ്വചിക്കുന്നു. കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ നിര്വ്വചനവും ഓരോ കുറ്റകൃത്യത്തിന്റെയും ഗൗരവമനുസരിച്ചുള്ള ശിക്ഷയും പോക്സോ നിയമം വ്യവസ്ഥ ചെയ്യുന്നു. ജെന്ഡര് - ന്യൂട്രല് നിയമം കൂടിയാണ് പോക്സോ നിയമം. ലിംഗഭേദമില്ലാതെ കുട്ടികളെ ഒറ്റ നിര്വ്വചനം നല്കി സംരക്ഷിക്കുന്നു. എല്ലാ കുട്ടികള്ക്കും ലൈംഗിക അതിക്രമത്തില് നിന്ന് സംരക്ഷണം എന്നതാണ് പോക്സോ നിയമത്തിന്റെ ഉദ്ദേശം.

ലിംഗസ്വത്വം അനുസരിച്ച് കുട്ടികളെ വേര്തിരിക്കാനാവില്ല. കുറ്റകൃത്യങ്ങള് അറിയിക്കാതിരിക്കുന്നതും പോക്സോ നിയമമനുസരിച്ച് കുറ്റകരമാണ്. അതായത് കുട്ടികള്ക്കെതിരായ കുറ്റകൃത്യം മറച്ചുപിടിക്കുന്നതും പോക്സോ നിയമമനുസരിച്ച് കുറ്റകരമാണ്. മറ്റ് ക്രിമിനല് കുറ്റങ്ങളുടെ വ്യാഖ്യാനമനുസരിച്ച് സംശയത്തിന്റെ ആനുകൂല്യം പ്രതികള്ക്ക് ലഭിക്കും. എന്നാല് പോക്സോ കേസില് പ്രതിയായാല് കുറ്റവാളിയെന്ന് കണക്കാക്കപ്പെടും. നിരപരാധിയെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിക്ക് മേല് വരും.

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

2019ല് പോക്സോ നിയമം ഭേദഗതി ചെയ്തു. ശിക്ഷ കൂടുതല് കര്ശനമാക്കി. കുട്ടികള്ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്ക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തു. പോക്സോ കേസുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികള്ക്ക് രൂപം നല്കി. പോക്സോ നിയമത്തിന് കീഴില് 2020ല് പോക്സോ ചട്ടങ്ങള് രൂപപ്പെടുത്തി. ഇടക്കാല ധനസഹായത്തിന് പ്രത്യേക കോടതികള്ക്ക് അധികാരം നല്കുന്നതാണ് പോക്സോ ചട്ടങ്ങളുടെ പ്രഥമ ഉദ്ദേശം. അവശ്യകാര്യങ്ങള്ക്കുള്ള ധനസഹായത്തിന് ചൈല്ഡ് വെല്ഫെയര് കമ്മിറ്റികള്ക്കും ചട്ടങ്ങളിലൂടെ അധികാരം നല്കുന്നുണ്ട്. പോക്സോ നിയമം നിലവില് വന്നതിന് ശേഷം പന്ത്രണ്ടാം ശിശുദിനമാണ് ഇന്ന്. ആലുവയില് ബലാത്സംഗത്തിന് ഇരയായി അഞ്ചുവയസുകാരി കൊല്ലപ്പെട്ട കേസില് വിധി കാത്തിരിക്കുകയാണ് ഇന്ന് കേരളം.

To advertise here,contact us