ചൗഹാന് പുറത്തേക്ക്? മധ്യപ്രദേശില് ബിജെപി ജയിച്ചാല് പ്രഹ്ളാദ് പട്ടേലിന് മുഖ്യമന്ത്രി സാധ്യത

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി ബിജെപി ഇതുവരെയും ഉയര്ത്തിയിട്ടില്ല

ഭോപ്പാല്: മധ്യപ്രദേശില് കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലിന് മുഖ്യമന്ത്രി സാധ്യത. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് ഭരണം നിലനിര്ത്തുകയാണെങ്കില് കേന്ദ്ര ഭക്ഷ്യ സംസ്കരണ സഹമന്ത്രി പ്രഹ്ലാദ് പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് അഭ്യൂഹം. മൂന്ന് കേന്ദ്രമന്ത്രിമാരെയും നാല് എംപി മാരെയുമാണ് സംസ്ഥാനത്ത് ബിജെപി മത്സരത്തിനിറക്കിയത്. ഇതില് പ്രഹ്ളാദ് പട്ടേലിന് മുഖ്യമന്ത്രി സാധ്യതയെന്നാണ് റിപ്പോര്ട്ടുകള്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായി ബിജെപി ഇതുവരെയും ഉയര്ത്തിയിട്ടില്ല. ഈ സാഹചര്യത്തില് കൂടിയാണ് പ്രഹ്ലാദ് പട്ടേലിന്റെ പേര് ഉയരുന്നത്. ശിവരാജ് സിംഹ് ചൗഹാന്റെ സ്ഥാനാര്ത്ഥിത്വത്തിന് മുമ്പ് തന്നെ പ്രഹ്ലാദ് പട്ടേലിനെ ഉള്പ്പെടുത്തി സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. നരസിംഗ്പൂരില് നിന്നാണ് പ്രഹ്ലാദ് പട്ടേല് ജനവിധി തേടുന്നത്.

രാജസ്ഥാനിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി; ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ തൂക്കം

1989ല് ആദ്യമായി ലോക്സഭയിലെത്തിയ പട്ടേല് 96ലും 99ലും തുടര്ച്ചയായി വിജയിച്ചു. 2003 ലാണ് ആദ്യമായി മന്ത്രി പദത്തിലെത്തുന്നത്. പിന്നീട് 2014 ലും 2019 ലും മധ്യപ്രദേശിലെ ദാമോയില് നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000ല് പാര്ലമെന്റില് ഗോവധ നിരോധന നിയമ ബില് കൊണ്ടുവന്നത് പ്രഹ്ലാദ് പട്ടേലായിരുന്നു.

മധ്യപ്രദേശില് ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായ ചൗഹാന് നേതൃത്വം വേണ്ട പരിഗണന നല്കുന്നില്ലെന്ന പരാതി ഇതിനകം ഉയര്ന്നിട്ടുണ്ട്. അതിനിടെയാണ് പ്രഹ്ലാദ് പട്ടേലിന്റെ പേര് ഉയരുന്നത്.

സംസ്ഥാനത്തെ ജനസംഖ്യയില് പകുതിയിലേറേയുള്ള ഒബിസി വിഭാഗത്തില് നിന്നുള്ള ഏക മുഖ്യമന്ത്രിയാണ് ചൗഹാന്. ചൗഹാനെ മാറ്റുന്നത് പാര്ട്ടിക്ക് ഗുണം ചെയ്യുന്നതിനെക്കാള് ദോഷം ചെയ്യുമെന്ന വിമര്ശനവും ഉയര്ന്നിട്ടുണ്ട്.

To advertise here,contact us