മിഷോങ്; തമിഴ്നാട്ടില് കനത്ത മഴയില് രണ്ട് മരണം, വന് നാശനഷ്ടം

ചുഴലിക്കാറ്റ് നാളെ പുലർച്ചെ കര തൊടും

ചെന്നൈ: ശക്തമായ മഴയില് ചെന്നൈയില് വന് നാശനഷ്ടം. ചെന്നൈ ഇസിആർ റോഡിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു. ഗുരുനാനാക്ക് കോളേജിന് സമീപം കെട്ടിടം തകരുകയും ചെയ്തു. പത്ത് ജീവനക്കാർ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മിഷോങ് ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ മഴ കനക്കുകയാണ്. ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും ജാഗ്രതാ നിർദേശം തുടരുന്നുണ്ട്.

മഴ കനത്തതോടെ ചെന്നൈയിലെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളം കയറി. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളിൽ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. ചെന്നൈ മറീന ബീച്ച് അടച്ചു. ബീച്ചിലേക്കുള്ള വഴികൾ ബാരിക്കേഡ് വെച്ച് അടയ്ക്കുകയാണ് ചെയ്തത്. കാശിമേട് തുറമുഖത്തേക്കും പ്രവേശനമില്ല.

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 6 ജില്ലകളിൽ പൊതു അവധിയും പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്നുള്ള 20 വിമാനങ്ങൾ റദ്ദാക്കി. ചില വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും. മെട്രോ, സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു.

To advertise here,contact us